ഇടതുപക്ഷ ജനാധിപത്യ മുന്നണി പൗരത്വഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ യുവാവിന്റെ നാടകീയമായ ആത്മഹത്യാ ശ്രമം.വന്ദേമാതരം വിളിച്ചെത്തിയ രണ്ടാംകുറ്റി സ്വദേശി അജോയ് (27) ആണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അബോധാവസ്ഥയിലായ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. കൈയിലെ മൂന്നു ഞരമ്പുകൾ ഗുരുതമായ സ്ഥിതിയിൽ മുറിഞ്ഞു പോയ യുവാവ് മന്ത്രിമാരിരിക്കുന്ന വേദിയിലേയ്ക്ക് വരികയായിരുന്നു. എൽഡിഎഫ് പ്രവർത്തകർ പിടിച്ചു മാറ്റുവാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു. പോലീസ് ഉടൻ തന്നെ ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർഗോഡ് മുതൽ കളിയിക്കാവിള വരെ തീർത്ത മനുഷ്യ മഹാശൃംഖലയിൽ സാഹിത്യകാരന്മാരും കലാകാരന്മാരുമടക്കം നിരവധി ആളുകൾ പങ്കെടുത്തിരുന്നു, സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ളയാണ് കാസർഗോഡ് ആദ്യ കണ്ണിയായത്. അവസാന കണ്ണിയായതാകട്ടെ കളിയക്കാവിളയിൽ എം.എ ബേബിയും . മുഖ്യമന്ത്രി പിണറായി വിജയൻ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുമ്പിൽ നിന്നാണ് ചങ്ങലയുടെ ഭാഗമായത്. യാക്കോബായ സഭയിലെ മെത്രാപൊലീത്തമാരും കോഴിക്കോട്ട് വിവാഹ വേഷത്തിൽ വധൂവരന്മാരും ചങ്ങലയിൽ പങ്കുചേർന്നു. മനുഷ്യ ചങ്ങലയിൽ ഭരണഘടനയുടെ ആമുഖം വായിക്കുകയും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. പത്തനംതിട്ട, കോട്ടയം ജില്ലയിൽ നിന്നുള്ളവർ ആലപ്പുഴയിലും ഇടുക്കി വയനാട് ജില്ലകളിൽ പ്രതീകാത്മകമായി പ്രാദേശിക ചങ്ങല തീർക്കുകയുമാണ് ചെയ്തത്.

You must be logged in to post a comment Login