ഞായറാഴ്ച രാത്രി ഏകദേശം പത്തുമണിയോടെ കമ്പം – ചുരുളി റോഡരുകിൽ തൊട്ടമൻ തുറൈ എന്ന സ്ഥലത്ത് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം കമ്പം സ്വദേശി വിഘ്നേശ്വരന്റേതാണെന്നു തിരിച്ചറിഞ്ഞു. സംഭവത്തിൽ വിഘ്നേശ്വരന്റെ അമ്മയെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല ചെയ്യാൻ പ്രേരിപ്പിച്ചത് മകന്റെ സ്വഭാവദൂഷ്യമാണെന്ന് അമ്മ മൊഴി നൽകിയിട്ടുണ്ട് . വെട്ടി മാറ്റിയ വിഘ്നേശ്വരന്റെ തല ഒരു കിണറ്റിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. മറ്റൊരിടത്ത് കുളത്തിൽ കൈയും കാലും ഉപേക്ഷിച്ചു. ഇതു കണ്ടെത്താൻ
തിരച്ചിൽ നടത്തുകയാണ്. ഞായറാഴ്ച രാത്രി 9 ന് ശേഷം ഒരു പുരുഷനും സ്ത്രീയും ഇരുചക്ര വാഹനത്തിൽ എത്തി മൃതദേഹം വലിച്ചെറിയുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. വെള്ളത്തിലേക്കു ഭാരമുള്ള ചാക്കുകെട്ട് വലിച്ചെറിയുന്നത് കണ്ട്
ചോദ്യം ചെയ്ത നാട്ടുകാരോട് വീട്ടിൽ പൂജ നടത്തിയതിനു ശേഷം മിച്ചം വന്ന പൂജാ സാധനങ്ങൾ കളയാനെത്തിയതാണെന്നായിരുന്നു.
ഇരുവരും നൽകിയ മറുപടി. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് വെള്ളം കൊണ്ടു പോകുന്ന കനാലിന്റെ സമീപത്തായി ചൂണ്ടയിട്ടു കൊണ്ടിരുന്ന നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
ചാക്കുകെട്ട് വലിച്ചെറിയുന്നത് കണ്ട് സംശയം തോന്നിയ ഇവർ തോട്ടിൽ നിന്ന് ചാക്കെടുത്ത് അഴിച്ചു നോക്കിയപ്പോഴാണ് കൈയും കാലുകളും തലയുമറ്റ മൃതദേഹം ചാക്കിൽ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു . മുൻപ് ഇവരെ കണ്ടിട്ടില്ലെന്നും, തമിഴിലാണ് സംസാരിച്ചതെന്നും ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. കേസിന്റെ അന്വേഷണത്തിനായി 4 പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിരുന്നു.

You must be logged in to post a comment Login