മലപ്പുറത്തിന്റെ രുചിക്കൊടി തിരൂർ വെറ്റില അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക്. കേരളത്തിന് അഭിമാന നിമിഷം

0
116

നാവു തരിക്കുന്ന സ്വാദും മനം കുളിർക്കുന്ന മണവുമുള്ള തിരൂർ വെറ്റിലയ്ക്ക് ഭൗമസൂചികാ പദവി ലഭിച്ചു. ആയുർവ്വേദ ചികിത്സാവിധികളിൽ പേരെടുത്തു പറഞ്ഞിട്ടുള്ള വെറ്റിലയിനമാണ് തിരൂർ വെറ്റില. തിരൂർ വെറ്റിലയിനങ്ങൾ മുറുക്കുന്നതിന് മാത്രമല്ല അതൊരു നല്ല ഔഷധം കൂടിയാണ് വായ്നാറ്റം മുതൽ ദഹനപ്രശ്നങ്ങൾക്ക് വരെ മരുന്നയായി മാറുന്ന വെറ്റിലയിനമാണ് തിരൂർ വെറ്റില. കാർഷിക സർവകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ സെല്ലാണ് ഭൗമസൂചികാ പദവിക്കായുള്ള ശ്രമങ്ങൾക്കു നേതൃത്വം നൽകിയത്. കാർഷിക, കരകൗശല, ഭക്ഷ്യ മേഖലകളിലുൾപ്പെടെ ഉൽപന്നങ്ങളുടെ പ്രാദേശികവും പരമ്പരാഗതവുമായ സവിശേഷതകൾ അംഗീകരിച്ചുള്ള പേറ്റന്റാണ് ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻസ് (ജിഐ) എന്ന ഭൗമസൂചികാ പദവി. തിരൂര്‍ വെറ്റിലയ്ക്കു ലഭിച്ച ഭൗമ സൂചക പദവിയുടെ വിളംബര ശില്‍പ്പശാല കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ നിർവ്വഹിച്ചു. ഭൗമ സൂചികാ പദവി ലഭിച്ചതോടെ തിരൂർ വെറ്റിലയുടെ പ്രശസ്തിയും വിലയും വര്‍ദ്ധിക്കുമെന്ന് മന്ത്രി പറഞ്ഞു. നാലും കൂട്ടി മുറുക്കാത്തവർക്കും വെറ്റിലയുടെ ​ഗുണ​ഗണങ്ങൾ ലഭ്യമാക്കുന്നതിനായി കഴിയുന്ന വിധം സംസ്‌കരിച്ച ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ സഹായത്തോടെ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ തല കര്‍ഷക അവാര്‍ഡ് വിതരണവും മന്ത്രി നിര്‍വ്വഹിച്ചു. എടയൂര്‍ മുളകുള്‍പ്പടെ സംസ്ഥാനത്ത് പ്രത്യേകം പരിഗണന അര്‍ഹിക്കുന്ന ഉത്പന്നങ്ങള്‍ക്കായി  ഭൗമ സൂചക പദവിക്കായി ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.പ്രത്യേക രുചിയും ഔഷധഗുണവും വലുപ്പവുമാണ് തിരൂര്‍ വെറ്റിലയെ മറ്റു പ്രദേശങ്ങളിലെ വെറ്റിലകളില്‍നിന്നും വ്യത്യസ്തമാക്കുന്നത്. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യയിലെ തന്നെ വിവിധ സംസ്ഥാനങ്ങളിലേക്കുമായി കയറ്റുമതി ചെയ്യുന്ന തിരൂര്‍ വെറ്റില തിരൂര്‍ താലൂക്കിലെ 270 ഹെക്ടര്‍ സ്ഥലത്താണ് കൃഷി ചെയ്യുന്നത്.ഭൗമ സൂചികപദവിയുടെ പത്ര കൈമാറ്റം മന്ത്രി തിരൂര്‍ വെറ്റില ഉത്പാദക സംഘം പ്രസിഡന്റ് ബാവ മൂപ്പനും സെക്രട്ടറി മേലേതില്‍ ബീരാന്‍ കുട്ടിക്കും നല്‍കി നിര്‍വഹിച്ചു. തിരൂര്‍ വെറ്റിലയുടെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു