തിരുവനന്തപുരം: രാജ്യവ്യാപകമായി കോവിഡ് 19 നിയന്ത്രിക്കാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിലവിലെ കാലാവധിക്കുശേഷം 21 ദിവസംകൂടി തുടരണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ വിദഗ്ധസമിതി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു കത്തു നല്‍കിയതായി ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. ഏബ്രഹാം വര്‍ഗീസും സെക്രട്ടറി ഡോ. ഗോപികുമാറും അറിയിച്ചു.
സംസ്ഥാനത്തെയും രാജ്യത്തെയും രാജ്യാന്തരതലത്തിലെയും പൊതുജനാരോഗ്യ വിദഗ്ധരുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് ഇങ്ങനെയൊരു നിര്‍ദ്ദേശം സമര്‍പ്പിച്ചിരിക്കുന്നത്.
കോവിഡ് പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ മറ്റു സംസ്ഥാനങ്ങളെയും രാജ്യങ്ങളെയും അപേക്ഷിച്ച് മികച്ച നടപടികളാണ് കേരളം സ്വീകരിച്ചുവരുന്നത്. അതുണ്ടാക്കിയ നേട്ടം നിലനിര്‍ത്തുന്നതിന് അടുത്ത 21 ദിവസവുംകൂടി ലോക്ക് ഡൗണ്‍ തുടരണം. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ വളരെ അധികം ആളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും വരുന്ന സാഹചര്യം ലോക്ക് ഡൗണ്‍ മാറ്റുമ്പോള്‍ ഉണ്ടായേക്കാം. അത്തരം സാഹചര്യം സാമൂഹിക വ്യാപനത്തിലേക്കു തള്ളി വിടാം.
രാജ്യത്തുടനീളം നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ രോഗ സംക്രമണ ഘട്ടത്തിന്റെ ആദ്യത്തിലായായിരുന്നു. എന്നാലും പരിപൂര്‍ണ നിയന്ത്രണം നേടുന്നതിനു കടുത്ത നടപടി തുടരണമെന്നാണു വിദഗ്ധരുടെ അഭിപ്രായമെന്നും ഐ.എം.എ. അറിയിച്ചിട്ടുണ്ട്.
ഇതിനിടെ, കൊവിഡ് 19 ലോകം മുഴുവന്‍ നാശം വിതച്ച് മുന്നേറുന്നത് തുടരവേ രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനസാധാരണ നിലയിലേയ്ക്ക് നീങ്ങുന്നുവെന്ന ആശ്വാസവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം ചൈനയിലെ രോഗികളുടെ എണ്ണം വെറും 30 ആണ്. ഇവരില്‍ 25 പേരും വിദേശികളും. പുതുതായി കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ല.

You must be logged in to post a comment Login