ഡെറാഡൂണ്‍: കോവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങി നടക്കുകയും ഗംഗ നദിയില്‍ കുളിക്കുകയും ചെയ്ത വിദേശ പൗരന്മാരെക്കൊണ്ട് 500 തവണ മാപ്പെഴുത്തിച്ച് ഉത്തരാഖണ്ഡിലെ പൊലീസ്.
തെഹ്രി ഗര്‍വാള്‍ ജില്ലയിലെ തപോവന്‍ പ്രദേശത്തെ സായ് ഗംഗാ ഘട്ടില്‍ പിടിക്കപ്പെട്ട ഇസ്രായേല്‍, ഓസ്ട്രേലിയ, മെക്‌സിക്കോ, ലാറ്റ്വിയ എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് പുരുഷന്മാരും നാല് സ്ത്രീകളുമാണ് ഇത്തരത്തില്‍ പോലീസിന് മാപ്പെഴുതിക്കൊടുത്തത്.
ഗംഗയുടെ തീരത്ത് യോഗ ചെയ്യാനായിരുന്നുവെന്നാണ് ഇവര്‍ പറഞ്ഞത്.
എന്നാല്‍, അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പുറപ്പെടുന്നതിന് മാത്രമാണ് റിലാക്സേഷന്‍ കാലയളവ് എന്ന് പോലീസ് പറഞ്ഞു.
തുടര്‍ന്ന് കടലാസുകള്‍ കൊണ്ടു വന്ന് വിദേശികള്‍ക്ക് വിതരണം ചെയ്തു. ഓരോരുത്തരോടും മാപ്പെഴുതാന്‍ എഴുതാന്‍ ആവശ്യപ്പെട്ടു:
ഇതോടെ ”ഞാന്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ പാലിച്ചില്ല. എന്നോട് ക്ഷമിക്കൂ,” എന്ന് 500 തവണ അവരെക്കൊണ്ട് എഴുതിച്ചു.
ഇതിനിടെ, ഏപ്രില്‍ 14-ന് അവസാനിക്കുന്ന ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദേശം ഇന്നു കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയേക്കും. മാര്‍ച്ച് 24-ന് പ്രഖ്യാപിച്ച മൂന്നാഴ്ച നീളുന്ന ലോക്ക് ഡൗണ്‍ ഏപ്രില്‍ 14-ന് അര്‍ധരാത്രിയാണ് അവസാനിക്കുന്നത്.
എന്നാല്‍ ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് വിവിധ സംസ്ഥാന സര്‍ക്കാരുകളും വിദഗ്ധരും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കേരളത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് റോഡിലിറങ്ങിയതിന് പിടിച്ചെടുത്ത വാഹനങ്ങള്‍ ഇന്നു മുതല്‍ തിരികെ നല്‍കും. 27,000 ലേറെ വാഹനങ്ങളാണ് ഈ ദിവസങ്ങളില്‍ പോലീസ് പിടികൂടിയത്.
പോലീസ് സ്റ്റേഷന്‍ വളപ്പില്‍ വാഹനങ്ങള്‍ കുന്നുകൂടിയ സാഹചര്യത്തിലാണ് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ കേസും കോടതി നടപടികളും തുടരുമെന്ന് പോലീസ് അറിയിച്ചു. പിഴ പോലീസ് സ്റ്റേഷനില്‍ നല്‍കണോ എന്ന കാര്യത്തിലും തിങ്കളാഴ്ച തീരുമാനമുണ്ടാകും.
അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ റോഡിലിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ എണ്ണം കൂടിയതോടെ, നിയമലംഘകര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരവും കേസെടുക്കാന്‍ തുടങ്ങിയിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാഹനങ്ങള്‍ പുറത്തിറക്കരുതെന്ന് സര്‍ക്കര്‍ നിര്‍ദേശിച്ചത്.

You must be logged in to post a comment Login