തൃശൂര്‍: ജര്‍മന്‍കാരിയായ നാദിയയും ഇങ്ങ് തൃശ്ശൂരുള്ള രാജയും ഒന്നിച്ചുള്ള ജീവിതത്തിന് ഒരുങ്ങവേയാണ് വില്ലനായി കോവിഡ് എത്തിയത്. അതിപ്പോള്‍ അനുഗ്രഹമായെന്ന് നാദിയ പറയുന്നു.കാരണം അവളിപ്പോഴുള്ളത് ദൈവത്തിന്റെ സ്വന്തം നാട്ടിലാണ്.
പ്രിയതമന്റെ നാടും വീടും കാണാനായി പുറപ്പെടുമ്പോള്‍ ജര്‍മ്മനിയില്‍ അന്ന് കൊവിഡ് കാലമായിരുന്നില്ല, പകരം രാജയുടെയും നാദിയയുടെയും പ്രണയത്തിന്റെ വസന്തകാലമായിരുന്നു. അങ്ങനെ, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇരിങ്ങാലക്കുട കാട്ടൂരിലുള്ള, രാജയുടെ വീട്ടിലേയ്ക്ക്. അച്ഛനെയും അമ്മയെയും പരിചയപ്പെടണം.
അങ്ങനെ രണ്ടുപേരും കഴിഞ്ഞ മാസം അഞ്ചിന് കാട്ടൂരെത്തി. കഥാകൃത്തും പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറിയുമായ അശോകന്‍ ചെരുവിലിന്റെയും രഞ്ജിനിയുടെയും മകനാണ് രാജ. അവരുടെ കാട്ടൂരിലെ വീട്ടിലാണ് കഥാനായിക എത്തിയത്.
പിന്നീടുള്ള ദിനങ്ങളില്‍ ലോകമെങ്ങും പടര്‍ന്നത് മഹാമാരി. രാജ്യങ്ങള്‍ അടച്ചിട്ടു. കഴിഞ്ഞ 29 ന് തിരിച്ചുപോകാന്‍ ടിക്കറ്റെടുത്തിരുന്നു ഇരുവരും. ഇനി എന്ന് തിരിച്ചുപോകാനാവും? എന്ന് വിവാഹം നടത്തും? ഒന്നുമറിയില്ല.
ജര്‍മ്മനിയില്‍ എന്‍ജിനിയറാണ് രാജ. നിയമ വിദ്യാര്‍ത്ഥിനിയാണ് നാദിയ. പഠനകാലത്താണ് ഇവരുടെ പ്രണയം മൊട്ടിട്ടത്.
നാദിയയുടെ അച്ഛന്‍ അള്‍ജീരിയക്കാരനാണ്. അമ്മ പോളണ്ടുകാരി. അവരും പ്രണയിച്ച് ഒന്നായി ജര്‍മ്മനിയില്‍ താമസിക്കുന്നവരാണ്. അതുകൊണ്ടു തന്നെ മകളുടെ ഇഷ്ടത്തെ അവരും അംഗീകരിച്ചു കഴിഞ്ഞു.
അതിനിടെ കേരളത്തിലുള്ള ജര്‍മ്മന്‍ പൗരന്മാരെ തിരിച്ചുകൊണ്ടുപോകാന്‍ എംബസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ് ഏര്‍പ്പാടാക്കിയിരുന്നുവെങ്കിലും നാദിയ പോയില്ല. എല്ലാ പ്രശ്‌നങ്ങളും ഒഴിഞ്ഞ് രാജയ്ക്കൊപ്പം പോയാല്‍ മതിയെന്നാണ് തീരുമാനം. ജര്‍മ്മനിയേക്കാള്‍ ഇപ്പോള്‍ കേരളമാണ് കൂടുതല്‍ സുരക്ഷിതമെന്നു പറയുന്നു നാദിയ.

You must be logged in to post a comment Login