കൊച്ചി : സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ കേസുകളെഴുതി പോലീസിനു കൈകുഴയും. ലോക്ക്ഡൗണ്‍ സമയത്തെ ഏകദേശം അരലക്ഷത്തോളം കേസുകളാണു കോടതികളിലേക്ക് എത്താനിരിക്കുന്നത്. 25,000 ത്തോളം വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
കോവിഡ് മൂലം പല കോടതികളും അവധിയായതുകൊണ്ട് പോലീസിന് അല്‍പം സാവകാശം ലഭിച്ചിട്ടുണ്ട് എന്നതാണ് ഏകആശ്വാസം. മഹസറും എഫ്.ഐ.ആറും തയാറാക്കുന്ന തിരക്കുകളിലാണ് പല പോലീസ് സ്‌റ്റേഷനുകളും ഇപ്പോള്‍. ഇതിനു പുറമേ കുറ്റപത്രം കൂടി തയാറാക്കി കോടതിയില്‍ ഹാജരാക്കണം.
ഹൈക്കോടതിയുടെ ഉത്തരവുള്ളതുകൊണ്ട് മഹസറില്‍ കമ്പ്യൂട്ടര്‍ പ്രിന്റ് അനുവദനീയമല്ല. കൈകൊണ്ടു തന്നെ എഴുതണം. ഇത് കുറഞ്ഞത് 2 പേജെങ്കിലും ഉണ്ടാകും. മഹസര്‍ സ്ഥലത്ത് തയാറാക്കണമെന്നാണ് നിബന്ധനയെങ്കിലും പലപ്പോഴും അതിനു കഴിയാറില്ല. സ്റ്റേഷനില്‍ വച്ച് കൈകൊണ്ട് തന്നെ എഴുതി തയാറാക്കുകയാണ്. സാക്ഷികള്‍, കേസിന്റെ സ്വഭാവം എന്നിവ വിശദമാക്കുന്ന കുറ്റപത്രം അഞ്ചു പേജോളം വരും.
എഴുതി മടുക്കുന്നതിനാല്‍ ലോക്ക്ഡൗണ്‍ കേസുകള്‍ക്കു പൊതു സ്വഭാവുമുള്ളതിനാല്‍ കമ്പ്യൂട്ടറില്‍ ഒരു മാര്‍ഗരേഖ തയാറാക്കി അതു പൂരിപ്പിച്ച് കുറ്റപത്രം തയാറാക്കാനാനുള്ള സാധ്യതയും പോലീസ് തേടുന്നുണ്ട്. ഇതു കോടതി അനുവദിച്ചില്ലെങ്കില്‍ അതും കൈകൊണ്ട് തന്നെ എഴുതേണ്ടിവരും. ഇതിനിടെ, സ്റ്റേഷന്‍ പരിസരത്തു വാഹനങ്ങള്‍ നിറഞ്ഞതോടെ പുതിയ കേസുകള്‍ എടുക്കാന്‍ ബുദ്ധിമുട്ടുകയാണ്. വാഹനങ്ങള്‍ക്ക് രേഖകള്‍ ഇല്ലെങ്കില്‍ അതിന്റെ മേല്‍ വേറെയും കേസ് വരും. മാര്‍ച്ച് 31 നാണു സംസ്ഥാന സര്‍ക്കാര്‍ പകര്‍വ്യാധി നിരോധന നിയമം പുറപ്പെടുവിച്ചത്. കൂടാതെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 269, 270, 271, കേരള പോലീസ് ആക്ട് സെക്ഷന്‍ 118 ഇ പ്രകാരമാണ് കേസുകള്‍. പോലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസം വരുത്തിയാലാണ് സെക്ഷന്‍ 118 ഇ പ്രകാരം കേസെടുക്കുക. മൂന്നുവര്‍ഷം വരെ തടവു കിട്ടാവുന്ന കേസാണിത്.
ഇപ്പോള്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ വിട്ടുകൊടുക്കും. നിയമം ലംഘിച്ച് വാഹനമോടിച്ചതിനുള്ള പിഴ പിന്നീട് കോടതി തീരുമാനിക്കും. രണ്ടുവര്‍ഷം വരെ തടവോ പതിനായിരം രൂപ പിഴയുമാണു പകര്‍ച്ചവ്യാധി നിരോധന നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത്.

You must be logged in to post a comment Login