വീണ്ടും ബാലൻ ഡി ഓർ പുരസ്കാരത്തിൽ മുത്തമിട്ട് മെസി

0
93

മികച്ച ഫുട്ബോളർക്കുള്ള 2021-ലെ ബാളൻ ഡോർ പുരസ്‌കാരം അർജന്റീന – പി.എസ്.ജി താരം ലയണൽ മെസിക്ക്. ഇത് ആദ്യമായാണ് ഒരു കളിക്കാരൻ ഏഴു തവണ ബാളൻ ഡോർ സ്വന്തമാക്കുന്നത്. അർജന്റീനയെ കോപ അമേരിക്ക നേട്ടത്തിലേക്ക് നയിക്കുകയും 2020-21 സീസണിൽ ലാലിഗ ടോപ് സ്‌കോററാവുകയും ചെയ്തതാണ് മെസിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്.കോപ അമേരിക്ക കിരീടം, ടൂർണമെന്റിലെ സംയുക്ത ടോപ് സ്‌കോറർ, ടൂർണമെന്റിലെ മികച്ച കളിക്കാരൻ, ലാലിഗ ടോപ് സ്‌കോറർ, കോപ ദെൽ റേ കിരീടം, ടൂർണമെന്റിലെ മികച്ച താരം തുടങ്ങിയ നേട്ടങ്ങളാണ് മെസിയെ ഈ വർഷത്തെ മികച്ച ഫുട്ബോളർക്കുള്ള പുരസ്‌കാരത്തിന് അർഹനാക്കിയത്.

ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡവ്സ്‌കി രണ്ടാം സ്ഥാനത്തെത്തി. ജോർജീന്യോക്കാണ് മൂന്നാം സ്ഥാനം. ബാഴ്സലോണ താരം അലക്സിയ പുതല്ലാസിനാണ് ഈ വർഷത്തെ മികച്ച വനിതാ താരത്തിനുള്ള ബാളൻ ഡോർ ഫെമിന പുരസ്‌കാരം. മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി ഇറ്റലിയുടെ ജിയോലൂജി ഡൊന്നറൂമ്മ സ്വന്തമാക്കിയപ്പോൾ അണ്ടർ 21 താരത്തിനുള്ള കോപ ട്രോഫി സ്‌പെയിൻ താരം പെഡ്രി ഗോൺസാലസ് നേടി. സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിന് മികച്ച സ്‌ട്രെക്കർക്കുള്ള പുരസ്‌കാരം ലെവൻഡവ്‌സ്‌കി സ്വന്തമാക്കി.

ഷിനോജ്