സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി, 2 ലക്ഷം വീടുകൾ പൂർത്തിയായി !

0
430

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനില്‍ രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തിയായി. സമാനതകളില്ലാത്ത ഈ നേട്ടത്തിന്റെ പ്രഖ്യാപനം ഫെബ്രുവരി 29ന് വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീനും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടനുബന്ധിച്ച് നടക്കുന്ന തിരുവനന്തപുരം ജില്ലാതല കുടുംബസംഗമത്തില്‍ 35,000 ത്തിലധികം പേര്‍ പങ്കെടുക്കും. ചടങ്ങില്‍ മന്ത്രി എ. സി. മൊയ്തീന്‍ അധ്യക്ഷത വഹിക്കും. സ്വാഗതസംഗം ചെയര്‍മാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം പറയും. മറ്റു വകുപ്പ് മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വകുപ്പ് തലവന്‍മാരും ചടങ്ങില്‍ പങ്കെടുക്കും. ഇതോടെ ഇന്ത്യയില്‍ സര്‍ക്കാരുകള്‍ ഏറ്റെടുത്ത് നടത്തുന്ന ഭവനനിര്‍മ്മാണ പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ കുറഞ്ഞ സമയത്ത് പൂര്‍ത്തീകരിക്കുന്ന സംസ്ഥാനമായി കേരളം മാറും. ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പഞ്ചായത്ത് തലത്തില്‍ വിപുലമായ പരിപാടികളോടെ ഗുണഭോക്താക്കളുടെ ഒത്തുചേരല്‍ വൈകുന്നേരം മുതല്‍ സംഘടിപ്പിക്കും. ഫെബ്രുവരി 27 മുതല്‍ പ്രഖ്യാപനത്തോടനുന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫോട്ടോപ്രദര്‍ശനവും സെമിനാറുകളും സംവാദങ്ങളും പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. ഫെബ്രുവരി 29ന് നടക്കുന്ന രണ്ട് ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ലൈഫ് മിഷന്റെ ഔദ്യോഗിക യൂട്യൂബ് ചാനലാhttp://xn--www-dvk.youtube.com/lifemissionkerala യിലൂടെ ലൈവായി കാണാനാവും. പരിപാടിയുടെ വെബ് ലൈവ് സ്ട്രീമിങും ഉണ്ടാകും.രണ്ട് ലക്ഷം പൂര്‍ത്തിയാവുന്ന വീടിന്റെ ഗൃഹപ്രവേശനം 29ന് രാവിലെ 8.30ന് തിരുവനന്തപുരം കരകുളം ഏണിക്കരയില്‍ നടക്കും. ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ലൈഫ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുത്തരിക്കണ്ടത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി അവാര്‍ഡ് നല്‍കും.