23 വർഷം ഒളിവിൽ കഴിഞ്ഞ പിടികിട്ടാ പുള്ളിയെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു

0
247

ഭവനഭേദന കേസിൽ 23 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി മാള അന്നമനട സ്വദേശി കരയത്തുമ്പിള്ളി വീട്ടിൽ മധു ( 52 ) എന്നയാളെ കൊരട്ടി SHO ബി.കെ.അരുണും സംഘവും അറസ്റ്റു ചെയ്തു .

കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ വെസ്റ്റ് കൊരട്ടിയിൽ 1998 ജൂലയ് മാസം ഒരു വീട്ടിൽ രാത്രി അതിക്രമിച്ചു കയറി വാതിലിന്റെ പൂട്ട് തകർത്ത് പണവും, ഇലട്രോണിക്സ് ഉപകരണങ്ങളും മോഷണം നടത്തി കേസിലാണ് പ്രതി ഒളിവിൽ പോയത്.

കോട്ടയം ജില്ലയിലെ ബ്രഹ്മമംഗലത്തെ ഭാര്യവീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

പ്രസ്തുത കേസിലെ 5 പ്രതികളിൽ 3 പേരെ മോഷണത്തിനു ശേഷം ഏതാനും ദിവസങ്ങൾക്കകം പോലീസ് പിടികൂടിയിരുന്നു.
കൂട്ടുപ്രതികളെ പിടികൂടിയതറിഞ്ഞ സംഘത്തലവൻ മധു ഒളിവിൽ പോവുകയായിരുന്നു. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലും തുടർന്ന് എറണാകുളം ജില്ലയിലെ കാക്കനാട് എന്നിവിടങ്ങളിലും വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞു വരവെ പരിചയപ്പെട്ട ബ്രഹ്മമംഗലത്തെ സ്ത്രീയെ വിവാഹം കഴിയ്ക്കുകയും അവരുടെ വീട്ടിൽ രഹസ്യമായി താമസിച്ചു വരികയുമായിരുന്നു. പോലീസ് പ്രതിയെ തിരിച്ചറിയാതിരിക്കാനായി പ്രതിയുടെ പേര് കുട്ടൻ എന്നാണ് പറഞ്ഞിരുന്നത്.
പോലീസ് തിരിച്ചറിയാതിരിക്കാനായി റേഷൻ കാർഡ്, തെരഞ്ഞെടുപ്പ് തിരച്ചറിയൽ കാർഡ്, ആധാർ കാർഡ് തുടങ്ങിയ ഔദ്യോഗിക രേഖകളിലൊന്നും തന്റെ പേര് ചേർത്തിരുന്നില്ലെന്നും നാളിതുവരെയായുള്ള ഒളിവു ജീവിതത്തിനിടയിൽ വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്നും പ്രതി പോലീസിനോടു പറഞ്ഞു.

പ്രതിയെ പിടികൂടുന്നതിനായി ഇയ്യാളുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും അന്വേഷണ സംഘം നിരീക്ഷിച്ചുവെങ്കിലും ഒരിക്കൽ പോലും വീട്ടിൽ വരുകയോ , സുഹൃത്തുക്കളുമായും ഫോണിൽ ബന്ധപെടുകയോ ഉണ്ടായിരുന്നില്ലാത്തതിനാൽ ഇയ്യാളെ പിടികൂടാൻ പോലീസിന് കഴിയാതിരുന്നത്.

കള്ളത്താക്കോൽ നിർമിക്കുന്നതിലും വെൽഡിങ്ങ് ജോലിയിലും വൈദഗ്ധ്യമുള്ളയാളാണ് പ്രതിയെന്നു തിരിച്ചറിഞ്ഞ പോലീസ് സംശയം തോന്നുന്ന ഏകദേശം 200 ഓളം ഇത്തരത്തിലുള്ള അയൽ ജില്ലകളിലെ തൊഴിലാളികളെ നിരീക്ഷിച്ചതിൽ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

പ്രതിയുടെ പഴയ ഫോട്ടോ സംഘടിപ്പിച്ച് കമ്പ്യൂട്ടറിൻ്റെ സഹായത്തോടെ രൂപമാറ്റം വരുത്തി അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

പ്രതിയെന്ന് സംശയം തോന്നിയ ഇയാളുടെ അടുത്തേക്ക് വെൽഡിംഗ് ജോലിക്കെന്ന വ്യാജേന പോലിസ് സമീപിക്കുകയും രഹസ്യമായി ഫോട്ടോയെടുത്ത് താരതമ്യ പഠനം നടത്തി ഉറപ്പു വരുത്തുകയുമായിരുന്നു. പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി G. പൂങ്കുഴലിയുടെ നിർദ്ദേശാനുസരണം ചാലക്കുടി Dysp
സി. ആർ . സന്തോഷ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ എസ്.ഐമാരായ ഷാജു എടത്താടൻ, C K സുരേഷ്, റൂറൽ സ്പെഷൽ ബ്രാഞ്ച് ASI മുരുകേഷ് കടവത്ത്, CPO മാരായ സജീഷ് കുമാർ , ജിബിൻ വർഗീസ്, രഞ്ജിത്ത് V R എന്നിവരാണ് ഉണ്ടായിരുന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റു ചെയ്തു.

 

Reported by :Prasad baby