ശാരീരികമായ അകലം സാമൂഹികമായ ഒരുമ, വീഡിയോകോൺഫറൻസിൽ ആരോഗ്യ പ്രവർത്തകരുമായി ചർച്ച നടത്തി മന്ത്രി കെ കെ ശൈലജ ടീച്ചർ !

0
110

രാജ്യത്ത് കൊറോണ ഭീതി പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ കൊറോണ ഐസൊലേഷൻ വാർഡുകളിൽ സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകരുമായി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. കോവിഡ് ബാധിതർക്കുള്ള ഐസൊലേഷൻ വാർഡിൽ സേവനമനുഷ്ഠിക്കുന്ന ആരോഗ്യപ്രവർത്തകർ ഏഴുദിവസം സേവനമനുഷ്ഠിച്ച ശേഷം രോഗം പകരാതിരിക്കാൻ നിർദേശങ്ങൾ പാലിച്ച് 14 ദിവസത്തെ നിർബന്ധിത നിരീക്ഷണത്തിൽ കഴിയണമെന്നും മന്ത്രി വ്യക്തമാക്കി.

ശാരീരികമായി അകലം പാലിക്കുന്നുണ്ടെങ്കിൽ പോലും ഇത്തരക്കാർക്ക് മാനസികമായി പിന്തുണ നൽകാൻ വേണ്ടിയാണ് മന്ത്രി ഇത്തരത്തിൽ ഒരു ചർച്ച സംഘടിപ്പിച്ചത്. ഐസൊലേഷൻ വാർഡുകളിൽ ഏഴുദിവസം സേവനമനുഷ്ഠിച്ച ശേഷം ഡോക്ടർമാർ നഴ്സുമാർ മറ്റിതര ജീവനക്കാർ തുടങ്ങി എല്ലാവരും രോഗം പകരാതിരിക്കാനായി നിർബന്ധമായും നിരീക്ഷണത്തിൽ കഴിയേണ്ടതുണ്ടെന്നും മന്ത്രി കൂട്ടി ചേർത്തു.

ഏകദേശം നൂറോളം ആരോഗ്യപ്രവർത്തകരുമായിട്ടാണ് ശൈലജ ടീച്ചർ സംവദിച്ചത്, കൂടാതെ ഇവരുടെ മാനസിക സന്തോഷത്തിനായി പ്രശസ്ത ഗായിക സിത്താര കൃഷ്ണകുമാർ കൂടി പങ്കെടുത്തിരുന്നു. അത്ഭുതത്തോടെയും ആദരവോടുമാണ് ആരോഗ്യ പ്രവര്‍ത്തകരെ കാണുന്നതെന്നും എല്ലാവരുടേയും നന്ദി അറിയിക്കുന്നതായും സിത്താര കൃഷ്ണകുമാര്‍ പറഞ്ഞു.

നിരീക്ഷണത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സിതാര കൃഷ്ണകുമാര്‍ ഗാനമാലപിച്ചു. ‘നീ മുകിലോ പുതുമഴ മണിയോ…’ എന്ന ഗാനം സിതാര പാടിയപ്പോള്‍ എല്ലാവരേയും അത്ഭുപ്പെടുത്തി ജീവനക്കാര്‍ സിതാരയുമായി മത്സരിച്ച് പാട്ടു പാടാന്‍ തുടങ്ങി. സിതാര കൂടി പ്രോത്സാഹിച്ചപ്പോള്‍ അത് വലിയൊരു പാട്ട് മത്സരത്തിന് വേദിയാകുകയും ചെയ്തു.