കേരളത്തിൽ കോവിഡ് ബാധിതരിൽ കുട്ടികളും !

0
109

 

ഇന്നലെ കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചതിൽ കുട്ടികളും. 13 വയസ്സുള്ള പെൺകുട്ടിക്കും 8 വയസ്സുള്ള ആൺകുട്ടിക്കുമാണ് തിരുവനന്തപുരത്തു രോഗം സ്ഥിരീകരിച്ചത് . ദുബായിൽ നിന്നെത്തിയ ഇവരുടെ പിതാവ് രോഗബാധിതനായിരുന്നു. തുടർന്ന് ഇദ്ദേഹത്തിന്റെ ചികിത്സ കഴിഞ്ഞപ്പോഴാണു കുട്ടികളിൽ രോഗം കണ്ടെത്തുന്നത്. ഇവർ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ് രണ്ടു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെ കണ്ണൂരിൽ രോഗം സ്ഥിരീകരിച്ച 23 വയസുള്ള യുവാവ് കോട്ടയംപൊയിൽ ആറാം മൈൽ സ്വദേശിയാണ്. ഇയാൾ മാർച്ച് 22ന് ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തുകയും തുടർന്ന് രോഗലക്ഷണങ്ങളോടെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു . തളങ്കര സ്വദേശികളായ 56 വയസ്സുള്ള സ്ത്രീക്കും 23 വയസുള്ള യുവാവിനുമാണ് കാസർകോട് ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം ജില്ലയിൽ മുപ്പതായി.

ഇതുവരെ കേരളത്തിൽ 241 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2 പേർ മരിക്കുകയും ചെയ്തു. ഇപ്പോൾ ചികിത്സയിലുള്ളത് 215 പേരാണ്. 24 പേർ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. സംസ്ഥാനത്തു 1,63,129 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,62,471 പേർ വീടുകളിലും 658 പേർ ആശുപത്രികളിലുമാണ് . 150 പേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചവരിൽ 7485 പേരുടെ സാംപിൾ പരിശോധിച്ചതിൽ 6381 പേരുടെയും ഫലം നെഗറ്റീവാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറയുകയുണ്ടായി .