വിയാനെ കൊലപ്പെടുത്തിയത് കാമുകന്റെ പ്രേരണയിലെന്നു പോലീസിനോട് ശരണ്യ ?

0
119

ഒന്നരവയസുകാരൻ വിയാനെ കൊലപ്പെടുത്തിയ സംഭവത്തിൽ ശരണ്യയുടെയും കാമുകന്റെയും മൊഴികളില്‍ വൈരുധ്യം ഉള്ളതായി കണ്ടെത്തിയതിനെ തുടർന്ന് കാമുകന്‍ നിധിനെ പൊലീസ് ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. കാമുകന്റെയും ശരണ്യയുടെയും മൊഴികളിലെ ചേർച്ചയില്ലായ്മ വീണ്ടും പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.

കാമുകന്റെ പ്രേരണയിലാണ് വിയാനെ കൊലപ്പെടുത്തിയത് എന്നും നിധിന്‍ തന്നെ വരുതിയിലാക്കിയത് തന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭയപ്പെടുത്തിയാണ് എന്നും അന്വേഷണസംഘത്തിന് ശരണ്യ മൊഴി നല്‍കിയിട്ടുണ്ട്.തന്നോട് പണവും സ്വര്‍ണവും കാമുകന്‍ ആവശ്യപ്പെട്ടിരുന്നു. നിരന്തരം ആവശ്യപ്പെട്ടതോടെയാണ് സ്വര്‍ണം ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ചതെന്നും ശരണ്യ വെളിപ്പെടുത്തി.

ശരണ്യയുടെ ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ അഞ്ചു മണിക്കൂറോളമാണ് നിധിനെ പൊലീസ് ചോദ്യം ചെയ്തത്. കൊലപാതകത്തിന് തലേന്ന് രാത്രി ശരണ്യയുടെ വീടിന് സമീപത്തെത്തിയത് ലോണ്‍ എടുക്കാനുള്ള രേഖകള്‍ നല്‍കുന്നതിന് വേണ്ടിയാണെന്നാണ് കാമുകന്‍ പൊലീസിനോട് പറഞ്ഞത്. മാധ്യമങ്ങളിലൂടെയാണ് കുട്ടിയെ കൊലപ്പെടുത്തിയ കാര്യം അറിഞ്ഞതെന്നും ഇയാള്‍ പറഞ്ഞു. എന്നാൽ ഈ മൊഴികള്‍ പൊലീസ് പൂര്‍ണ വിശ്വാസത്തിലെടുത്തിട്ടില്ല.

കൂടുതല്‍ ചോദ്യം ചെയ്യാനായി ശരണ്യയെ ഈ മാസം 29 വരെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. കുട്ടിയുടെ കൊലപാതകത്തില്‍ കാമുകന്റെ പങ്ക് കൂടുതല്‍ അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. കാമുകനും കൊലപാതകത്തില്‍ പങ്കുള്ളതായി നാട്ടുകാരും ആരോപിക്കുന്നുണ്ട്.