കീഴാർ നെല്ലി എന്ന അത്ഭുത ചെടി !

0
588

വയൽ പ്രദേശങ്ങളിലും നീർവാഴ്ചയുള്ളതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണ്‌ കീഴാർ നെല്ലി. ഇത് ഫില്ലാന്തേസീ കുടുംബത്തിലെ ഒരു അംഗമാണ്.ശാഖകളോട് കൂടിയതും തണ്ടിന് പച്ച, ചുവപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധമാണിത്. മലയാളത്തിൽ കിരുട്ടാർ നെല്ലി എന്ന പേരിലും അറിയപ്പെടുന്നു. ഇവയുടെ ഇലകൾ തണ്ടിൽ‍ നിന്നും മാറി ശാഖകളിൽ രണ്ടു വശങ്ങളിലായ് കാണപ്പെടുന്നു. ഇലയ്ക്ക് വെള്ള കലർന്ന പച്ച നിറമോ, കടും പച്ച നിറമോ ആയിരിക്കും. വളർന്ന് കഴിയുമ്പോൾ ഇലകളുടെ അടിയിലായി മഞ്ഞ കലർന്ന പച്ച നിറത്തിലുള്ള‍ പൂക്കളുണ്ടാകുന്നു. ചെടി സമൂലമായിട്ടാണ് മരുന്നിനായി ഉപയോഗിക്കുന്നത്. മഞ്ഞപ്പിത്തം, പനി, മൂത്രാശയരോഗങ്ങൾ എന്നിവയ്ക്ക് കീഴാർ നെല്ലി ഔഷധമായി ഉപയോഗിക്കുന്നു.കീഴാർ നെല്ലിയിൽ അടങ്ങിയിരിക്കുന്ന ഫിലാന്തിൻ ,ഹൈപ്പോ ഫില്ലാന്തിൻ എന്നീ രാസവസ്തുക്കളാണ്‌ മഞ്ഞപ്പിത്തം കുറയ്ക്കുവാൻ കാരണമാകുന്ന ഘടകങ്ങൾ. കീഴാർ നെല്ലി എണ്ണ കാച്ചി ഉപയോഗിക്കുന്നത് തലമുടി വളരാൻ ഉത്തമമാണ്. കൂടാതെ ശൈത്യഗുണമുള്ളതു കൊണ്ട് ശരീരത്തിലുണ്ടാകുന്ന മുറിവിനും, ശരീരത്തിനുള്ളിലെ വ്രണങ്ങൾക്കും ആയുർവ്വേദത്തിൽ മരുന്നായി ഉപയോഗിക്കപ്പെടുന്നു. ഈ ഔഷധിക്ക് പാർശ്വഫലങ്ങളില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.
മൂത്രവർദ്ധകമാണ്. ദഹനത്തെ സഹായിക്കും. എന്നാൽ വാത രോ​ഗികൾക്ക് ഇത് ഉത്തമമല്ല. കരളിന്റെ ആരോ​ഗ്യത്തിന് അത്യുത്തമമാണ് ഈ കുഞ്ഞൻ ചെടി. മഞ്ഞപ്പിത്തത്തിന് കാരണമാകുന്ന വൈറസുകളെ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. കീഴാർനെല്ലി പാലിൽ അരച്ചു കുടിക്കുന്നത് മഞ്ഞപ്പിത്തതിന് ഏറെ ഫലപ്രദമായ ചികിത്സയാണ്. കീഴാർനെല്ലിയുടെ നീര് കുടിക്കുന്നത് ബിപി കുറയുവാൻ സഹായിക്കുന്നു. കീഴാർനെല്ലിയുടെ ഇല ചവച്ചരച്ചു കഴിക്കുന്നത് കഫക്കെട്ടിനും പനിക്കും നല്ല മരുന്നാണ്.
കീഴാർനെല്ലിയിട്ട് കാച്ചിയ വെളിച്ചെണ്ണ ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും തലയിൽ തേച്ച് പിടിപ്പിച്ചതിന് ശേഷം തണുത്ത വെള്ളത്തിൽ തല കഴുകുന്നത് മുടി വളരാൻ വളരെ നല്ല ഒരു മരുന്നാണ്. കീഴാർനെല്ലിക്ക് വൈറസിനെയും ബാക്ടീരിയകളെയും അകറ്റുവാനും ശരീരത്തിന്റെ രോ​ഗപ്രതിരോധ ശേഷി കൂട്ടുവാനും ഉള്ള കഴിവുണ്ട്. കീഴാർനെല്ലിയുടെ ഇലവെന്ത വെള്ളം കുടിക്കുന്നത് പ്രമേഹ രോ​ഗം ശമിക്കുന്നതിന് നല്ല ഒരു മരുന്നാണ്. രോ​ഗം ഇല്ലാത്തവർക്ക് പ്രമേഹത്തെ ചെറുക്കാനുള്ള കഴിവും നൽകുന്നുണ്ട് ഈ കുഞ്ഞൻചെടി.
കീഴാർനെല്ലി അരച്ച് മോരിൽ ചേർത്ത് കഴിക്കുന്നത് വയറിളക്കത്തിന് വളരെ നല്ലതാണ്. കൂടാതെ ശരീരത്തിലെ വിഷാംശത്തെ നീക്കുവാനും സാധിക്കും. കീഴാർനെല്ലി കഴിക്കുന്നത് ക്രമമല്ലാത്ത ആർത്തവത്തിന് വളരെ നല്ലതാണ്.