എറണാകുളം വൈപ്പിനിൽ വനിതാ ഗ്യാസ് ഏജൻസി ഉടമയെ സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി പരാതി. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തമെന്നാവശ്യപ്പെട്ടുള്ള തർക്കമാണ് ഭീഷണിക്ക് പിന്നിൽ. ഉടമയുടെ ഭർത്താവിന് പ്രതിഷേധക്കാരിൽ നിന്ന് മർദ്ദനമേറ്റതായും പരാതിയുണ്ട്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിച്ചു.
യൂണിയൻ പ്രവർത്തകർ ഉടമയോട് തട്ടിക്കയറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. തങ്ങളുടെ സർക്കാരാണ് ഭരിക്കുന്നതെന്നും കൊല്ലാൻ പോലും മടിക്കില്ലെന്നും യൂണിയൻ പ്രവർത്തകർ പറയുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. താൽക്കാലിക ജീവനക്കാരായ നാലുപേരെ സ്ഥിരപ്പെടുത്തമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. ജാതി പേരുവിളിച്ച് അധിക്ഷേപിച്ചെന്നും, ഭർത്താവിനെ മർദിച്ചെന്നുമാണ് യുവതിയുടെ പരാതി.
പ്രദേശത്ത് തന്നെയുള്ള മറ്റൊരു ഏജൻസിക്കാർ ഇവിടത്തെ ചില മേഖലകളിൽ സിലിണ്ടർ വിതരണം ചെയ്യാൻ ഈ ഏജൻസിയെ ഏൽപ്പിച്ചു. ഇതിനായി നാലുതൊഴിലാളികളെ താൽക്കാലികമായി നിയമിക്കുകയും ചെയ്തു. ഇവരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിന് കഴിയില്ലെന്ന് ഏജൻസി അറിയിച്ചു. ഇതാണ് തർക്കത്തിൽ കലാശിച്ചത്. സംഭവത്തിൽ മുനമ്പം പൊലീസ് കേസടുത്തിട്ടുണ്ട്. കേസെടുക്കാൻ ആദ്യം വിമുഖത കാണിച്ചിരുന്നെങ്കിലും വീഡിയോ പുറത്ത് വന്നതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.
