പാലക്കാട്:സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ ഫേസ് ബുക്ക് കുറിപ്പ്. അരിയുടെയും പച്ചക്കറിയുടെയും മറ്റ് ഭക്ഷ്യോത്പന്നങ്ങളുടെയും വിലവർദ്ധനവ് സാധാരണക്കാരന്‍റെ നിത്യ ജീവിതത്തിന് വിഘാതമാവുമ്പോൾ കേരളത്തിന്റെ ഭക്ഷ്യ മന്ത്രി ജി ആർ അനിൽ പറയുന്നത് ഭയപ്പെടേണ്ട എന്നാണ് . ആന്ധ്രയിൽ ജയ വിതച്ചിട്ടുണ്ട് , നാല് മാസം കഴിയുമ്പോൾ കൊയ്യും . അപ്പോൾ വില കുറയും . അപ്പോൾ അത് വരെയോ ? മുണ്ടൊന്ന് മുറുക്കിയെടുക്കണം.
കാർഷിക രംഗത്ത് സ്വാതന്ത്ര്യാനന്തരം നാണം കെട്ട രീതിയിൽ പിറകോട്ടടിച്ച മറ്റൊരു സംസ്ഥാനമില്ല . അരിക്ക് വേണ്ടി ആന്ധ്രക്കാരന്റെ മുന്നിൽ കൈ നീട്ടുമ്പോൾ കേരളത്തിന്‍റെ നെല്ലറകളായ കുട്ടനാടും പാലക്കാടും തകർന്ന് തരിപ്പണമായിരിക്കുന്നു . നെല്ല് കൊയ്യാനും പറ്റുന്നില്ല , കൊയ്തെടുത്ത നെല്ല് കേരളം സംഭരിക്കുന്നുമില്ല . വായ്‌ത്താരിക്കൊട്ട് കുറവുമില്ല .ലോകത്ത് ഭക്ഷ്യോൽപ്പന്നങ്ങളുടെ ഷോർട്ടേജ് സാധാരണയായി യുദ്ധ മേഖലയിലും ആഫ്രിക്കൻ രാജ്യങ്ങളിലും സാമ്പത്തിക മേഖല തകർന്ന രാഷ്ട്രങ്ങളിലും ഒക്കെയാണ് ഒക്കെയാണ് കണ്ട് വരാറുള്ളത് . കേരളമിപ്പോൾ നേരിടുന്നത് സമാന സാഹചര്യമാണ് .നാല് ദിവസത്തിനപ്പുറമുള്ള കാര്യങ്ങളല്ല , നാൽപ്പത് വർഷത്തിനപ്പുറമുള്ള സാഹചര്യങ്ങൾ മുൻ കൂട്ടി കണ്ട് ആസൂത്രണം നടത്തുന്നവനാണ് യഥാർത്ഥ ഭരണാധികാരി. കേരളത്തെ കഴിഞ്ഞ ആറേഴ് പതിറ്റാണ്ട് കാലമായി ഗ്രസിച്ചിരിക്കുന്ന ശാപം പോളിസി പാരാലിസിസ് ആണ് . നയ വൈകല്യം . തീരുമാനങ്ങൾ എടുക്കാനുള്ള ഭരണാധികാരികളുടെ ശേഷിക്കുറവ് .
ആവറേജ് മലയാളി ചോറ് കഴിക്കാൻ പണമില്ലാതെ നിൽക്കുമ്പോൾ ഈദി അമീൻ പ്രൊ മാക്സ് ഒന്നരക്കോടി മുടക്കി യൂറോപ്യൻ ഫാമിലി ട്രിപ്പ് നടത്തുന്നു , ലക്ഷങ്ങൾ മുടക്കി സ്വിമ്മിങ്ങ് പൂൾ നവീകരിക്കുന്നു ക്ലിഫ് ഹൗസിൽ നാല്പത് ലക്ഷത്തിന്റെ കാലി തൊഴുത്ത് നിർമ്മിക്കുന്നു . സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ കപിൽ സിബലിന് പതിനഞ്ച് ലക്ഷം . നമിച്ചിരിക്കുന്നു മുഖ്യമന്ത്രിയെന്നും സന്ദീപ് വാര്യര്‍ പരിഹസിച്ചു
