കേരളബാങ്കിന്റെ പരിപൂർണ നിയന്ത്രണം ഏറ്റെടുത്ത് റിസർവ് ബാങ്ക് . ആർ.ബി.ഐ. യുടെ നിയന്ത്രണത്തിലും നിർദേശത്തിലും പ്രവർത്തിക്കുന്ന സമിതിയായ ബോർഡ് ഓഫ് മാനേജ്‌മെന്റ് ആണ് കേരളബാങ്കിന്റെ ഇനിയുള്ള കാര്യങ്ങൾ തീരുമാനിക്കുക . വായ്പ അനുവദിക്കുന്നതും ഫണ്ട് വിനിയോഗവും ഉൾപ്പെടെ ബാങ്കിങ് സംബന്ധമായ എല്ലാ കാര്യങ്ങളും ഇനി മുതൽ ഈ സമിതിയാകും മേൽനോട്ടം വഹിക്കുക. ഇതോടെ, കേരളബാങ്കിൽ രജിസ്ട്രാർക്കും സംസ്ഥാനസർക്കാരിനുമുള്ള നിയന്ത്രണം പരിമിതമാകും. ഭരണസമിതിക്ക് സംസ്ഥാന സഹകരണസംഘം രജിസ്ട്രാർ നിശ്ചയിക്കുന്ന കാര്യങ്ങൾ ചെയ്യാനും ഭരണപരമായ മേൽനോട്ടച്ചുമതലയും മാത്രമാണ് ആർ.ബി.ഐ. അനുവദിക്കുന്നത്.
സഹകരണ ബാങ്കുകളിൽ ഇപ്പോളുള്ള ഇരട്ടനിയന്ത്രണം ഒഴിവാക്കാനാണ് ബോർഡ് ഓഫ് മാനേജ്‌മെന്റ് എന്ന ഘടന റിസർവ് ബാങ്ക് നിലവിൽ കൊണ്ടുവന്നിരിക്കുന്നത് . നിലവിൽ ഉള്ള ഭരണസമിതിക്ക് പുറമെയാണ് ബോർഡ് ഓഫ് മാനേജ്‌മെന്റ് രൂപീകരിക്കുന്നത്. റിസർവ് ബാങ്കിന്റെ നിയന്ത്രണം കടുപ്പിക്കാനും സഹകരണവകുപ്പിന്റെ അധികാരം പരിമിതപ്പെടുത്താനും വേണ്ടിയാണിത്.
സാധാരണ ഗതിയിൽ അർബൻ ബാങ്കുകളിൽ നടപ്പാക്കുന്ന ഈ പരിഷ്‌കാരം ഒരു സംസ്ഥാന സഹകരണ ബാങ്കിനു ബാധകമാക്കിയത് ഇതാദ്യമാണ് , ബോർഡ് ഓഫ് മാനേജ്‌മെന്റിന്റെ അധികാരം നിലവിൽ വരുന്നതോടെ റിസർവ് ബാങ്കിന് അവരുടെ നിയന്ത്രണത്തിലുള്ള സമിതിയിലൂടെ നേരിട്ട് കേരളബാങ്കിൽ ഇടപെടാനാകും.
ബോർഡ് ഓഫ് മാനേജ്‌മെന്റ് കുറഞ്ഞത് അഞ്ചും പരമാവധി 12-ഉം പേരടങ്ങുന്നതാണ് . ഇതിലെ അംഗങ്ങൾ ഇക്കണോമിക്‌സ്, അക്കൗണ്ടൻസി, ബാങ്കിങ്, നിയമം, ഫിനാൻസ്, സഹകരണം, കാർഷിക-ഗ്രാമീണ സമ്പദ് വ്യവസ്ഥ , ഐ.ടി, ചെറുകിട വ്യവസായം തുടങ്ങിയ ഏതെങ്കിലും വിഷയത്തിൽ അറിവും പരിചയവുമുള്ളവരാകണം.
ഇത്തരം വിഷയങ്ങളിൽ വൈദഗ്ധ്യമുള്ളവർ ഭരണസമിതി അംഗങ്ങളിൽ ഉണ്ടെങ്കിൽ അവർക്ക് ബോർഡ് ഓഫ് മാനേജ്‌മെന്റിൽ അംഗങ്ങളാവാം. എന്നാൽ, അത് മൊത്തം അംഗങ്ങളുടെ പകുതിയിലേറെയാവാൻ പാടില്ല. അംഗങ്ങളെ നിയമിക്കുന്നതിനുമുമ്പ് റിസർവ് ബാങ്കിന്റെ അനുമതി വാങ്ങണം. ഈ സമിതിയെ മൊത്തത്തിലോ ഏതെങ്കിലും അംഗങ്ങളെയോ പിരിച്ചുവിടാൻ ആർ.ബി.ഐ.യ്ക്ക് അധികാരമുണ്ടാകും. റിസർവ് ബാങ്കിന്റെ നിർദേശങ്ങളാണ് ഈ സമിതി പാലിക്കേണ്ടത്.

You must be logged in to post a comment Login