ജപ്തി നോട്ടീസിനൊപ്പം കീശയിലിട്ട ലോട്ടറി , അടിച്ചത് 12 കോടി !

0
98

 

ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറി ഒന്നാം സമ്മാനമായ 12 കോടി രൂപ കണ്ണൂർ ജില്ലയിലെ മാലൂർ പുരളിമല കൈതച്ചാൽ കുറിച്യ കോളനിയിലെ രാജന്. ജപ്തി നോട്ടീസിലെത്തി നിന്ന വായ്‌പ തിരിച്ചടയ്ക്കാൻ മറ്റൊരു വായ്പയ്ക്കുള്ള തിരക്ക് പിടിച്ച ഓട്ടത്തിനിടയിലാണ് രാജൻ ലോട്ടറിടിക്കറ്റ് വാങ്ങിയത്. ജപ്തി നോട്ടിസിനൊപ്പം മടക്കി കീശയിലിട്ട അതേ ലോട്ടറി ടിക്കറ്റിനു തന്നെയാണ് ഇപ്പോൾ സമ്മാനം അടിച്ചിരിക്കുന്നത്.
രാജന്റെ കുടുംബം, ഭാര്യ രജനിയും മൂന്നു മക്കളും അടങ്ങുന്നതാണ്. പട്ടികജാതി വകുപ്പിൽ നിന്നു കിട്ടിയ തുക കൊണ്ടു തുടങ്ങിയ വീടുപണി ഇതുവരെ പൂർത്തിയായിട്ടില്ല. വീടിനും മൂത്ത മകളുടെ വിവാഹത്തിനും വേണ്ടി നാലു ബാങ്കുകളിൽ നിന്നും 7 ലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നു. മകളുടെ വിവാഹത്തിനു നാലുവർഷം മുൻപ് എടുത്ത വായ്പയുടെ തിരിച്ചടവു മുടങ്ങിയിട്ട് നാളേറെയായി. അതിൽ ജപ്തി നോട്ടിസ് ലഭിച്ചപ്പോഴാണ്, ആകെയുള്ള ഒൻപതര സെന്റ് ഭൂമി പണയപ്പെടുത്തി മറ്റൊരു വായ്പയ്ക്കു ശ്രമിച്ചത്. അതിനുവേണ്ടി ഇന്നലെ കൂത്തുപറമ്പ് ബാങ്കിൽ എത്താനിരിക്കുകയായിരുന്നു രാജൻ. കഷ്ടപ്പാടുകൾക്ക് നടുവിലാണ് രാജന്റെ ജീവിതം. റബർ ടാപ്പിങ്ങും കൃഷിപ്പണിയുമെല്ലാം ചെയ്യും. സ്കൂൾ പഠനംപോലും പൂർത്തിയാക്കാതെ കൂലിപ്പണിക്കു പോകാൻ തുടങ്ങിയതാണു രാജന്റെ മകൻ രിഗിൽ. ഭാര്യ രജനിയും കൂലിപ്പണിക്കു പോകാറുണ്ട് . പണിയില്ലാതാവുമ്പോൾ മഴക്കാലത്തു സ്വർണം പണയപ്പെടുത്തിയാണ് നിത്യച്ചിലവുകൾ നടത്തിയിരുന്നത്. മകൾ ആതിര വിവാഹിതയായി. ഇളയമകൾ അക്ഷര പ്ലസ് ടു വിദ്യാർഥിനിയാണ്.