വിമര്‍ശിക്കാന്‍ വേണ്ടി മാത്രം രാവിലെ കുളിച്ചു കുപ്പായവുമിട്ട് വരും. കുറ്റം പറയാന്‍ മാത്രം വാ തുറക്കാതെ സര്‍ക്കാരിനൊപ്പം നില്‍ക്കൂ. ചെന്നിത്തലക്കെതിരെ ആഞ്ഞടിച്ച് കെ.സുരേന്ദ്രന്‍
സര്‍ക്കാര്‍ നന്നായി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും എല്ലാറ്റിനെയും വിമര്‍ശിക്കുന്ന പ്രതിപക്ഷ നേതാവിന്റെ രീതി ശരിയല്ലെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം സര്‍ക്കാരിന്റെ കിറ്റിനെ വിമര്‍ശിച്ചതിന് പിന്നാലെയാണ് സുരേന്ദ്രന്‍ പിന്തുണച്ച് എത്തിയത്.
കേന്ദ്രസര്‍ക്കാരിനോട് രാഹുല്‍ഗാന്ധി ചെയ്യുന്നതാണ് കേരളത്തില്‍ പ്രതിപക്ഷവും ചെയ്യുന്നത്. പ്രതിപക്ഷം കടമ മറക്കുകയാണ്. സര്‍ക്കാരിന്റെ ക്രിയാത്മകമായ പദ്ധതികളുമായി സഹകരിക്കുകയാണ് എല്ലാ രാഷ്ട്രീയ കക്ഷികളും ഇപ്പോള്‍ ചെയ്യേണ്ടത്. അതിനു പകരം സര്‍ക്കാരിനെ വിമര്‍ശിക്കുവാന്‍ വേണ്ടി മാത്രം എല്ലാ ദിവസവും രാവിലെ കുളിച്ച് കുപ്പായവുമിട്ട് ഇറങ്ങുന്ന രീതി ശരിയല്ല. ഭിന്നിപ്പിന്റെ രാഷ്ട്രീയം കാണിക്കുന്ന തോമസ് ഐസകിനെ പോലെയുള്ളവരെ മാറ്റി നിര്‍ത്തിയാല്‍ നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളെ സര്‍ക്കാര്‍ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ ഉടനീളം ബിജെപി ഉള്‍പ്പെടെ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഭക്ഷണപ്പൊതി വിതരണം, പച്ചക്കറി കിറ്റ് വിതരണം, മരുന്ന് വിതരണം, മാസ്‌ക് വിതരണം ഇങ്ങിനെയെല്ലാം മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ എന്നും രാവിലെ വന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുക എന്ന അജണ്ട മാത്രമാണ് പ്രതിപക്ഷം നടത്തുന്നത്. നിഷേധാത്മകമായ ഈ രീതി പ്രതിപക്ഷം അവസാനിപ്പിക്കണം.
രോഗികളുടെ വിവരങ്ങള്‍ സ്വകാര്യ കമ്പനിയ്ക്ക് കൈമാറുന്നത് ശരിയല്ലെന്നും ദുരിതബാധിതരെ സഹായിക്കാന്‍ നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും എല്ലാ ദിവസവും നടത്തുന്നുണ്ടെങ്കിലും അത് നടപ്പിലാകുന്നുണ്ടോ എന്നറിയാന്‍ സംവിധാനമില്ലെന്ന് വിമര്‍ശിക്കുകയും ചെയ്തു.
സൗജന്യമായി നല്‍കുന്ന പലവ്യഞ്ജന കിറ്റി തട്ടിപ്പാണ് എന്നത് അടക്കം സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചു വരികയായിരുന്നു കെ സുരേന്ദ്രന്‍. ഇതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് സുരേന്ദ്രന്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.