കോഴി കട്ടവന്‍റെ തലയില്‍ പപ്പുണ്ടാകുമെന്ന് ചൊല്ലുണ്ട്: കോണ്‍ഗ്രസിനെ സംശയമുണ്ടെന്ന് എം.എം മണി

0
32

തിരുവനന്തപുരം: എ.കെ.ജി സെന്‍റര്‍ ആക്രമണത്തില്‍ പ്രതികരിച്ച് എം.എല്‍.എ എം.എം മണി. ആക്രമണത്തിൽ കോണ്‍ഗ്രസിനെ സംശയമുണ്ടെന്ന് എം.എം മണി പറഞ്ഞു. എ.കെ.ജി സെന്‍റർ ആക്രമിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍, അന്വേഷിച്ച് മാത്രമേ കുറ്റവാളിയെ കണ്ടെത്തൂവെന്ന് എം.എം മണി അടിയന്തര പ്രമേയ ചര്‍ച്ചയില്‍ വ്യക്തമാക്കി.

‘കോഴി കട്ടവന്‍റെ തലയില്‍ പപ്പുണ്ടാകുമെന്ന് ചൊല്ലുണ്ട്. അതാണ് വിഷ്ണുനാഥിന്റെ സ്ഥിതി. ധീരജ് വധക്കേസില്‍ ഇരന്നുവാങ്ങിയ രക്തസാക്ഷിത്വം എന്നുപറഞ്ഞയാളാണ് കെ സുധാകരന്‍. സുധാകരന്‍ കെപിസിസി പ്രസിഡന്‍റായ ശേഷം കേരളത്തില്‍ വ്യാപക സംഘർഷം നടക്കുകയാണ്.
ജനാധിപത്യബോധമുള്ള കോണ്‍ഗ്രസുകാർ പോലും സുധാകരനെ അംഗീകരിക്കുന്നില്ല’- എം.എം മണി പറഞ്ഞു.

‘രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമത്തെ സി.പി.എം തള്ളിപ്പറഞ്ഞു. എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. ജനാധിപത്യബോധവും നീതിബോധവും കോണ്‍ഗ്രസുകാർ കമ്മ്യൂണിസ്റ്റുകാരെ പഠിപ്പിക്കേണ്ട. സ്വപ്ന സുരേഷിന്റെ ആരോപണത്തിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടുന്ന നിങ്ങള്‍ക്ക് എന്ത് ജനാധിപത്യ മര്യാദ’- എം.എം മണി പ്രതിപക്ഷത്തോട് ചോദിച്ചു.