ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ ഈ പഴം ആഴ്ചയില്‍ രണ്ട് തവണ കഴിക്കുന്നത് നല്ലത്

0
154

ന്യൂഡെല്‍ഹി: ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നാണ് ഹൃദ്രോഗം. ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഇക്കാലയളവില്‍ കൂടിവരികയാണ്. നേരത്തെ തിരിച്ചറിയാനായാല്‍ ഹൃദ്രോഗത്തിന് ഫലപ്രദമായ ചികിത്സകള്‍ ഇന്ന് ലഭ്യമാണ്. ഇതിനിടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ അവാക്കാഡോ പഴം ആഴ്ചയില്‍ രണ്ട് തവണ കഴിക്കുന്നത് നല്ലതെന്ന് പഠനം.

അവാക്കാഡോ കഴിക്കാത്ത ആളുകളെ അപേക്ഷിച്ച് ആഴ്ചയില്‍ ഒരു അവാക്കാഡോ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത കുറവാണെന്നും പഠനത്തില്‍ പറയുന്നു. ജേണല്‍ ഓഫ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഹാര്‍വാര്‍ഡ് ടി എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകരാണ് ഇതിനെ കുറിച്ച് പഠനം നടത്തിയത്.

ജീവിതശൈലിയും ആരോഗ്യ ഘടകങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ പഠനത്തില്‍ ഗവേഷകര്‍ പരിശോധിച്ചു. ഉയര്‍ന്ന കൊളസ്ട്രോള്‍ പോലുള്ള ഹൃദ്രോഗകാരണമായ ഘടകങ്ങളില്‍ അവക്കാഡോ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് മുമ്പ് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

ഫൈബര്‍, അപൂരിത കൊഴുപ്പ്, തുടങ്ങി ഒട്ടേറെ പോഷകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുള്ള പഴമാണ് അവാക്കാഡോ. ഈ ഘടകങ്ങളെല്ലാം ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്നും പഠനത്തില്‍ പറയുന്നു. ഒരു കപ്പ് അല്ലെങ്കില്‍ ഏകദേശം ഒരു അവാക്കാഡോ ആഴ്ചയില്‍ കുറഞ്ഞത് രണ്ട് തവണ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖത്തിനുള്ള സാധ്യത 16 ശതമാനം കുറയ്ക്കുന്നുവെന്നും കൊറോണറി ഹൃദ്രോഗത്തിനുള്ള സാധ്യത 21 ശതമാനം കുറവാണെന്നും ഗവേഷകര്‍ കണ്ടെത്തി.

Watch True Tv Kerala News on Youtube and subscribe regular updates

അപൂരിത കൊഴുപ്പ് ആഹാരക്രമത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുമെന്നും ഹൃദ്രോഗങ്ങളെ തടയുന്നതിനുള്ള പ്രധാനപ്പെട്ട ഘടകമാണെന്നും പഠനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ബോസ്റ്റണിലെ ഹാര്‍വാഡ് ടി.എച്ച്. ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ പ്രൊഫസറായ ലോറെന എസ്. പാചെക്കോ പറഞ്ഞു.

അവാക്കാഡോകളില്‍ കൂടുതല്‍ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അവാക്കാഡോകളില്‍ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് കൊറോണറി ആര്‍ട്ടറി രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നു.
sobha