കൊറോണയെ പേടിച്ച് എപ്പോഴും കൈ കഴുകലാണോ…; കൈ കഴുകല്‍ കൂടുമ്പോള്‍ സംഭവിക്കുന്നത്…

0
109

കൈകള്‍ എപ്പോഴും കഴുകണം… കൊറോണ വൈറസ് ഭീതിയ്‌ക്കൊപ്പം കേട്ടുതുടങ്ങിയതാണ് ഇക്കാര്യം. അതുകൊണ്ടു തന്നെ എല്ലാരും ഇപ്പോള്‍ കൈ കഴുകലിന്റെ തിരക്കിലാണ്.

വൈറസ് വ്യാപനം തടയാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം ഇതാണെന്ന് ലോകാരോഗ്യസംഘടനയും വ്യക്തമാക്കുന്നു. എന്നാല്‍, ഇത്തരത്തില്‍ തുടര്‍ച്ചയായി കൈ കഴുകിയതോടെ ഒരു വിഭാഗത്തിന് ഇപ്പോള്‍ മറ്റൊരു പ്രശ്‌നം തുടങ്ങിയിരിക്കുന്നു. ത്വക്ക്‌രോഗ വിദഗ്ധരാണ് ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. കൈ വരണ്ട് വിണ്ടുപൊട്ടുന്നു. ആവര്‍ത്തിച്ചുള്ള സാനിറ്റൈസര്‍ ഉപയോഗമാണ് ഇവര്‍ക്ക് പ്രശ്‌നമാകുന്നത്. കൈ വരണ്ട് വിണ്ടുപൊട്ടുന്നതാണ് പ്രശ്നം.

കഴമ്പുള്ള പരാതിയാണ് ഇതെന്നുതന്നെയാണ് ത്വക്ക് രോഗ വിദഗ്ധര്‍പറയുന്നത്. ഏറെ മൃദുവായ തൊലിയുള്ളവരാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്.

മനുഷ്യശരീരത്തിലെ ആദ്യ പ്രതിരോധകവചമെന്ന നിലയില്‍
തൊലിയുടെ ആരോഗ്യം പ്രധാനമാണ്. ആല്‍ക്കഹോള്‍ ചേരുവയായുള്ള സാനിറ്റൈസറുകള്‍ ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കാമെങ്കിലും നല്ലത് സോപ്പുപയോഗിച്ചുള്ള കൈകഴുകല്‍ തന്നെയാണ്.

ആല്‍ക്കലൈന്‍-ക്ഷാരം ചേരുവ കൂടുതലുള്ള സോപ്പുകള്‍ മൃദുവായ തൊലിയെ കുഴപ്പത്തിലാക്കും. തൊലിയുടെ സ്വാഭാവിക എണ്ണമയത്തെ ഇല്ലാതാക്കും. കൈകള്‍ വരളുന്നതോടെ ചൊറിച്ചിലും വിണ്ടുപൊട്ടലുമുണ്ടാകാം. കൈകളിലെ തൊലിയില്‍ ചേര്‍ന്നിരിക്കുന്ന അമ്ലപാളിക്ക് കേടുപറ്റുന്നതോടെ രോഗാണുക്കള്‍ ശരീരത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയുംകൂടുന്നു.

ഇതിനായി നിങ്ങളുടെ സോപ്പുകള്‍ മികച്ച പി.എച്ച്.(പൊട്ടന്‍ഷ്യല്‍ ഓഫ് ഹൈഡ്രജന്‍) ബാലന്‍സുകളുള്ളവയെന്ന് ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്.
5.4 മുതല്‍ 5.9 വരെയാണ് തൊലിയുടെ സ്വാഭാവിക പി.എച്ച്. ബാലന്‍സ്. ഇതില്‍നിന്ന് വലിയ വ്യത്യാസമില്ലാത്ത നിരക്കിലുള്ള സോപ്പുകളാണ് ഉചിതം.

സോപ്പുപയോഗിച്ച് കൈകഴുകിയാല്‍ മൃദുവായ തുണികൊണ്ട് തുടയ്ക്കുക. അമര്‍ത്തിത്തുടയ്ക്കരുത്. വെള്ളം തുടച്ചാലുടന്‍ മോയ്ചറൈസര്‍ ഉപയോഗിക്കുക. പെട്രോളിയം ജെല്ലിയോ, വെളിച്ചെണ്ണയും ഉപയോഗിക്കാം. കടുത്ത അലര്‍ജിയാണെങ്കില്‍ സ്റ്റിറോയ്ഡ് ചേര്‍ന്ന ലേപനങ്ങള്‍ വേണ്ടിവരും.