യുക്രൈന്‍ വിമാനം തകര്‍ന്നത് ഇറാന്റെ പിഴവോ ?

0
110

ഇറാനിലെ ഇമാം ഖമനായി വിമാനത്താവളത്തില്‍ നിന്നും ഉയര്‍ന്നുപൊങ്ങിയ
ഉടന്‍ തകര്‍ന്നു വീണ യുക്രൈന്‍ വിമാനം ഇറാന്‍ അബദ്ധത്തിൽ
വെടി വച്ചിട്ടതാകാം എന്ന്‍  റിപ്പോര്‍ട്ട്. ബുധനാഴ്ച രാവിലെയാണ് യുക്രൈന്‍
എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനം തകര്‍ന്നു വീണത്. സംഭവത്തില്‍ 176
പേര്‍ കൊല്ലപ്പെട്ടിരുന്നു. യുക്രൈന്‍ തലസ്ഥാനമായ കീവിലേയ്ക്ക് പോവുകയായിരുന്നു
വിമാനം. വിമാനത്താവളത്തില്‍ നിന്നും 45 കിലോമീറ്റര്‍ മാറി
പാടത്തായിരുന്നു വിമാനം തകര്‍ന്നു വീണത്. ഇറാന്‍, കാനഡ, യുക്രൈന്‍,
സ്വീഡന്‍, ബ്രിട്ടണ്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള 81
സ്ത്രീകളും 15 കുട്ടികളും 9 ജീവനക്കാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
മൃതദേഹങ്ങളും വിമാനത്തിന്റെ ബ്ലാക് ബോക്‌സും കണ്ടെടുത്തിട്ടുണ്ട്.
സാങ്കേതിക തകതരാറുമൂലമാണ് വിമാനം തകര്‍ന്നത് എന്ന് അധികൃതര്‍
വിശദീകരിച്ചു. എന്നാല്‍ ഇറാന്‍ വിമാനം അബദ്ധത്തിൽ ആക്രമിച്ചതാവാം എന്ന്
അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞതായി യു.എസ് മാദ്ധ്യമങ്ങള്‍
റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത്
യുക്തി രഹിതമായ കാര്യമാണെന്ന് ഇറാന്‍ സിവില്‍ ഓര്‍ഗനൈസേഷന്‍ ഓഫീസര്‍
അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ യുക്രൈനില്‍ നിന്നും 45
പേരടങ്ങിയ സംഘം ടെഹ്‌റാനില്‍ എത്തിയിട്ടുണ്ട്.
വിമാനം തകരുന്നതിന് തൊട്ടുമുമ്പു എയര്‍പോട്ടിലേയ്ക്ക് തിരിച്ചുവരാന്‍
വിമാനം ദിശമാറ്റിയിരുന്നതായും ഇറാന്‍ സിവില്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചു.