വാഷിങ്ടന്‍ ∙ ഇറാഖില്‍ വ്യോമതാവളം നിര്‍മിച്ചത് കോടികള്‍ മുടക്കിയാണെന്നും മുടക്കിയ പണം തിരിച്ചു കിട്ടാതെ ഇറാഖ് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയതിനു തൊട്ടുപിന്നാലെയാണ് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ മിസൈലുകള്‍ കുത്തിച്ചെത്തിയത്. പടിഞ്ഞാറന്‍ ഇറാഖിലെ ഇര്‍ബിലിനു സമീപത്തുള്ള വ്യോമതാവളം , അല്‍ അസദ് വ്യോമതാവളം എന്നിവ ലക്ഷ്യമിട്ട ഇറാൻ ഫലത്തിൽ യുഎസ് പ്രസിഡന്റിനുള്ള മറുപടിയാണ് നൽകിയത്.
പ്രകോപനം ഉണ്ടായാല്‍ ഇറാന്റെ 52 കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തുമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയത്. ഒരു ഡസനിലധികം മിസൈലുകള്‍ ഇറാന്‍ പ്രയോഗിച്ചതായാണ് പെന്റഗണ്‍ റിപ്പോർട്ട് ചെയ്തത് . ഡിസംബറിലെ കണക്കനുസരിച്ച് 6000 അമേരിക്കന്‍ സൈനികരാണ് ഇറാഖിലുള്ളത്. 2003 മുതല്‍ 2011 വരെ നീണ്ട ഓപ്പറേഷന്‍ ഇറാഖി ഫ്രീഡം എന്ന സൈനിക നീക്കത്തിന്റെ ഭാഗമായി ഒന്നരലക്ഷത്തോളം യുഎസ് സൈനികര്‍ ഇറാഖില്‍ പോരാടിയിരുന്നു.
അമേരിക്കയെ സംബന്ധിച്ചിടത്തോളം അസദ് വ്യോമതാവളം ഏറെ തന്ത്രപ്രധാനമാണ് . കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും അന്‍ബര്‍ പ്രവിശ്യയിലെ ഈ താവളത്തില്‍ പല തവണ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിട്ടുണ്ട്. സിറിയന്‍ അതിര്‍ത്തിയില്‍നിന്ന് 135 മൈല്‍ അകലെയാണ് വിമാനതാവളം സ്ഥിതി ചെയ്യുന്നത്. ഇറാഖ് സുരക്ഷാ സേനയ്ക്ക് പരിശീലനം നല്‍കാനാണ് യുഎസ് സൈനികര്‍ ഇവിടെ തങ്ങുന്നത്.
ഇര്‍ബില്‍ വ്യോമതാവളത്തില്‍ തമ്പടിച്ചിരിക്കുന്ന ഡെല്‍റ്റാ ഫോഴ്‌സ് കമാന്‍ഡോകളാണ് സിറിയയില്‍ ആക്രമണം നടത്തുകയും ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ വധത്തില്‍ പങ്കെടുക്കുകയും ചെയ്തത്. സിഎച്ച്-47 ചിനൂക്ക് ഉള്‍പ്പെടെ എട്ട് യുഎസ് ഹെലികോപ്റ്ററുകളായിരുന്നു ആക്രമണത്തിന് ഉപയോഗിച്ചത് .

You must be logged in to post a comment Login