ഐപിഎൽ : പ്ലേഓഫ്‌ ലൈനപ്പ് ആയി ; ദൈവത്തിന്റെ പോരാളികൾ പുറത്ത്!!

0
48

 

പ്ലേഓഫ് കാണുക എന്ന ലക്ഷ്യത്തിൽ മുംബൈ തകർത്തടിച്ച മത്സരത്തിൽ ഹൈദരാബാദിനെതിരെ 42 റൺസിന് മുംബൈക്ക് ജയം. എന്നാൽ, വമ്പൻ ജയം നേടിയിട്ടും മുംബൈ ഇന്ത്യൻസ് പ്ലേഓഫ് കാണാതെ പുറത്ത്. ഹൈദരാബാദിനെതിരെ വൻമാർജിനിലുള്ള വിജയം സ്വന്തമാക്കാനായതോടെയാണ് നിലവിലെ ചാംപ്യൻമാർ നിരാശയോടെ നാട്ടിലേക്കു മടങ്ങുന്നത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ ഓപണർ ഇഷാൻ കിഷന്റെയും സൂര്യകുമാർ യാദവിന്റെയും വെടിക്കെട്ട് പ്രകടനത്തിൽ 235 റൺസാണ് അടിച്ചെടുത്തത്. പ്ലേ ഓഫിൽ കയറാൻ വൻ മാർജിനിൽ ജയിക്കണമെന്ന ബോധത്തോടെയാണ് മുംബൈയുടെ എല്ലാ താരങ്ങളും ബാറ്റു വീശിയത്. ഓപ്പണർ ഇഷാൻ കിഷനാണ് ടീമിന് വെടിക്കെട്ട് തുടക്കം സമ്മാനിച്ചത്. 32 പന്തിൽ 11 ബൗണ്ടറിയും നാല് സിക്‌സും സഹിതം 84 റൺസാണ് കിഷൻ നേടിയത്. ഇഷാൻ പുറത്തായതിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവും വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. 40 പന്തിൽനിന്ന് 13 ബൗണ്ടറിയുടെയും മൂന്നു സിക്‌സിന്റെയും അകമ്പടിയോടെ 82 റൺസാണ് യാദവ് അടിച്ചുകൂട്ടിയത്. ?eനായകൻ രോഹിതിന്റെ 13 പന്തിൽ 18 ഒഴിച്ചുനിർത്തിയാൽ മറ്റാർക്കും വലിയ സ്‌കോർ നേടാനായില്ല. സൺറൈസേഴ്സിനായി ജേസൺ ഹോൾഡർ നാല് വിക്കറ്റും റാഷിദ് ഖാനും അഭിഷേക് ശർമ്മയും രണ്ടു വിക്കറ്റ് വീതവും ഉമ്രാൻ മാലിക് ഒരു വിക്കറ്റും നേടി.

കൂറ്റൻ ടോട്ടൽ ഉയർത്തിയെങ്കിലും പ്ലേഓഫ് സാധ്യത മുംബൈയിൽനിന്ന് അകന്നുതന്നെ നിൽക്കുകയായിരുന്നു. ഏക സാധ്യത ഹൈദരാബാദിനെ 65 റൺസിനുള്ളിൽ എറിഞ്ഞൊതുക്കുകയെന്നതു മാത്രമായിരുന്നു. എന്നാൽ, ഹൈദരാബാദ് ഓപണർമാരായ ജേസൺ റോയി(21 പന്തിൽ ആറു ബൗണ്ടറി സഹിതം 34)യും അഭിഷേക് ശർമ(16 പന്തിൽ നാല് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 33) മിന്നുന്ന തുടക്കമാണ് ഹൈദരാബാദിന് നൽകിയത്. ആദ്യ വിക്കറ്റിൽ 64 റൺസ് കൂട്ടിച്ചേർത്താണ് ജേസൺ റോയ് മടങ്ങിയത്. ഇതോടെ മുംബൈയുടെ അവസാന പ്രതീക്ഷയും അടഞ്ഞു. ഇതിനിടയിൽ ഇടവേളകളിൽ വിക്കറ്റെടുത്ത് മുംബൈ ബൗളർമാർ നായകൻ രോഹിത് ശർമയ്ക്ക് ആശ്വാസം നൽകിയെങ്കിലും മുന്നിൽനിന്നു നയിച്ച താൽക്കാലിക നായകൻ മനീഷ് പാണ്ഡ്യ(41 പന്തിൽ ഏഴ് ബൗണ്ടറിയുടെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 69)യുടെ ബാറ്റിങ് കരുത്തിൽ ഹൈദരബാദ് തിരിച്ചടിക്കുക ആയിരുന്നു.

അതേസമയം, അതേസമയം, ഇന്നു നടന്ന മറ്റൊരു മത്സരത്തിൽ ഡൽഹി ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം ബാംഗ്ലൂർ അവസാനപന്തിൽ ഏഴു വിക്കറ്റിന് മറികടന്നു. നായകൻ വിരാട് കോഹ്ലിയും ദേവ്ദത്ത് പടിക്കലും പരാജയപ്പെട്ടപ്പോൾ വിക്കറ്റ് കീപ്പർ ശ്രീകാർ ഭരതും(52 പന്തിൽ നാല് സിക്‌സും മൂന്ന് ബൗണ്ടറിയും സഹിതം 78) ഗ്ലെൻ മാക്‌സ്‌വെല്ലു(33 പന്തിതൽ എട്ട് ബൗണ്ടറിയോടെ 51)മാണ് ബാംഗ്ലൂരിനെ വിജയതീരത്തെത്തിച്ചത്.

ഷിനോജ്