പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ഡൗണിനോട് സഹകരിച്ച എല്ലാവർക്കും നന്ദി പറഞ്ഞു. ചെറിയ പ്രശ്ങ്ങൾ ഉണ്ടായതൊഴിച്ചാൽ നല്ല രീതിയിൽ ജനം അച്ചടക്കം പാലിച്ചു. കോവിഡിനെതിരെ രാജ്യം ഒന്നായി പോരാടുകയാണ്. ഇന്ത്യയെ പല രാജ്യങ്ങളും മാതൃകയാക്കുന്നു. ഒറ്റയ്ക്ക് എങ്ങനെ രോഗം നേരിടുമെന്നും കഷ്ടപ്പാട് എന്നു തീരുമെന്നും പലരും ചോദിക്കുന്നു. എന്നാൽ നിങ്ങൾ ഒറ്റയ്ക്കല്ല, 130 കോടി ജനങ്ങൾ ഒപ്പമുണ്ട്.– രാജ്യത്തോടായി ഇന്ന് നടത്തിയ വിഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
‘കോവിഡ് എന്ന ഇരുട്ടിനെ നാം അകറ്റണം. ഏപ്രിൽ അഞ്ച് ഇതിനായി വെളിച്ചമാകണം. അന്നു രാത്രി 9ന് എല്ലാവരും വീട്ടിലെ ലൈറ്റെല്ലാം അണച്ച ശേഷം സ്വന്തം വീടിനു മുന്നിൽ 9 മിനിറ്റ് ദീപം തെളിക്കണം. ടോർച്ചോ മൊബൈൽ വെളിച്ചമോ ഉപയോഗിക്കാം. ഇതിനായി ആരും കൂട്ടം കൂടരുത്, പുറത്തിറങ്ങരുത്. രോഗത്തോടു പോരാട്ടം തുടരണം. ഒരുകാരണവശാലും സാമൂഹിക അകലം ലംഘിക്കരുത്. ജനതാ കർഫ്യു, കൈ കൊട്ടൽ, മണി അടിക്കൽ, പാത്രം കൊട്ടൽ തുടങ്ങിയവയോടെല്ലാം രാജ്യം ഒറ്റക്കെട്ടായാണു പ്രതികരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു .
ഐക്യപ്പെടേണ്ടതിന്റെ ആവശ്യം ഇതു പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഐക്യത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും ആഴം കൂട്ടി ഒന്നായി നിന്നാൽ നമുക്ക് കൊറോണയെ നേരിടാൻ സാധിക്കും. ലോക്ഡൗൺ സമയത്തു പോലും നിങ്ങളുടെ എല്ലാവരുടെയും , രാജ്യത്തിന്റെയും , കൂട്ടായ്മാ മനോഭാവം കാണാനായത്തിൽ സന്തോഷിക്കുന്നു. വീടുകളിൽ കോടിക്കണക്കിനു പേരാണു അകപ്പെട്ടിരിക്കുന്നത്. പലരും ഇതെത്ര നാൾ വേണ്ടിവരുമെന്ന് ആശങ്കപ്പെടുന്നുണ്ട്. സുഹൃത്തുക്കളെ, കൊറോണ വൈറസ് എന്ന മഹാമാരി നമുക്കു ചുറ്റും അന്ധകാരമാക്കിയിരിക്കുകയാണ് എന്നാൽ പ്രകാശവും പ്രതീക്ഷയും കൊണ്ട് നമ്മൾ കൊറോണയ്ക്കെതിരെ പോരാടും. രോഗം കൂടുതലായി ബാധിച്ചവരെയും പാവപ്പെട്ട കുടുബങ്ങളെയും നിരാശയിൽനിന്നും പ്രത്യാശയിലേക്ക് ഉയിർത്തെഴുന്നേൽപ്പിക്കണം. നിശ്ചയമായും
ഈ ഇരുട്ടിനെ നമുക്ക് ഇല്ലാതാക്കാനാകും. നാലു ചുറ്റിലും ദീപം തെളിച്ച് ആഴത്തിൽ പടർന്ന ഈ ഇരുട്ടിനെ നമുക്കു തോൽപിക്കാം. ഏപ്രിൽ 5ന് ഇന്ത്യയിലെ 130 കോടി ജനങളുടെ സൂപ്പർപവർ നമുക്കു തെളിയിക്കാനാകും.

You must be logged in to post a comment Login