ഇന്ത്യയെ തകർത്ത് ന്യൂസീലാന്റിന് കിരീടം

0
267

 

ഇന്ത്യയെ തകർത്ത് ന്യൂസീലാന്റിന് ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് കിരീടം. മഴ രസം കൊല്ലിയായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തിന്റെ റിസേര്‍വ് ദിനത്തിന്റെ അവസാന നിമിഷങ്ങളിലാണ് ന്യൂസിലന്‍ഡ് വിജയികളായത്. റിസേര്‍വ് ദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലന്‍ഡ് മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ 44 റണ്‍സ് നേടുമ്പോഴേക്കും ഓപ്പണര്‍മാരെ അശ്വിന്‍ മടക്കി. ശേഷം ക്രീസിലൊരുമിച്ച നായകന്‍ വില്യംസണും റോസ് ടെയ്ലറും വളരെ ഭംഗിയായി ഇന്നിങ്‌സ് മുന്നോട്ട് നയിച്ചു. സ്‌കോര്‍ 82ല്‍ നില്‍ക്കുമ്പോല്‍ ടെയ്ലറെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരം സ്ലിപ്പില്‍ പുജാര നഷ്ടപ്പെടുത്തി. ഇരുവരും കൃത്യമായ ഇടവേളകളില്‍ സ്‌കോര്‍ ചെയ്തുകൊണ്ട് ടീമിനെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു.

 

ഫൈനലിലെ രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് ബൗളിംഗ് നിരയ്ക്ക് മുന്നില്‍ ഇന്ത്യന്‍ ടീം തകര്‍ന്നടിയുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ വെറും 138 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്ക് ന്യൂസിലന്‍ഡിന് നേരെ ഉയര്‍ത്താന്‍ കഴിഞ്ഞത്. 170 റണ്‍സ് നേടുമ്പോഴേക്കും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെല്ലാം കൂടാരം കയറി. 41 റണ്‍സ് നേടിയ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സ്റ്റാര്‍ പേസര്‍ ടിം സൗത്തിയുടെ നാല് വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ കഥ കഴിച്ചത്. ന്യൂസിലന്‍ഡിനായി ട്രെന്റ് ബോള്‍ട്ട് മൂന്നും കെയ്ല്‍ ജാമിസണ്‍ രണ്ടും വിക്കറ്റുകള്‍ നേടി.

ഷിനോജ്