സംസ്ഥാനത്ത് ആകാശ നിരീക്ഷണത്തിലൂടെ ഡ്രോൺ ഉപയോഗിച്ച് വാറ്റ് കേന്ദ്രം കണ്ടെത്തി. ചാലക്കുടി മേലൂർ പുഷ്പ ഗിരിയിലെ വട്ടവയൽ എസ്റ്റേറ്റിന് മുകളിലൂടെ പറന്ന ഡ്രോണിൽ വാറ്റുകേന്ദ്രം പതിയുകയായിരുന്നു. സ്ഥലത്ത് നിന്ന് ഒളിപ്പിച്ച നിലയിൽ 650ലിറ്റർ കോടയും രണ്ട് പാചകവാതക സിലിണ്ടറുകളും മറ്റ് വാറ്റുപകരണങ്ങളും കണ്ടെത്തി. പാറക്കെട്ടുകളും പൊന്തക്കാടുകളും നിറഞ്ഞ സ്ഥലത്ത് എത്തിപ്പെടാൻ തന്നെ വളരെ പ്രയാസമാണ്.
ലോക് ഡൗൺ മൂലം മദ്യശാലകൾ അടച്ചു പൂട്ടിയതോടെ, മദ്യം കിട്ടാതെ ജീവനൊടുക്കുന്ന നിലയിലേക്ക് ജനങ്ങളുടെ അവസ്ഥ എത്തിയിരുന്നു.ലോക് ഡൗൺ മൂലം മദ്യ ലഭ്യത കുറഞ്ഞതോടെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വാറ്റുകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി എക്സൈസിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് വിവിധയിടങ്ങളിൽ അതീവ രഹസ്യമായി ഡ്രോൺ നിരീക്ഷണവും തുടങ്ങി.
പുഷ്പഗിരിയിലെ വട്ടവയലിലെ 50 ഏക്കറോളം വിസ്തൃതിയുള്ള എസ്റ്റേറ്റിനു മുകളിലൂടെ ഡ്രോൺ പറത്തിയപ്പോഴാണ് ഇലപ്പടർപ്പുകൾക്കിടയിലെ വാറ്റുപകരണങ്ങൾ ഡ്രോണിൽ പതിഞ്ഞത്. മേലൂരിൽ തന്നെ നടുത്തുരുത്തിൽ പാടശേഖരത്തിനുള്ളിൽ ഒളിപ്പിച്ച 200 ലിറ്റർ കോടയും ഡ്രോൺ കണ്ടെത്തിയിരുന്നു. ചെളി നിറഞ്ഞ പാടത്ത് 200ലിറ്റർ കോട ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ചാലക്കുടി റേഞ്ച് ഇൻസ്‌പെക്ടർ എ രാധാകൃഷ്ണന്റെ അടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.

You must be logged in to post a comment Login