തിരുവനന്തപുരം: ലോക്ക് ഡൗണ്‍ മറയാക്കി ഈസ്‌റ്റര്‍ ദിനത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വ്യാജ മദ്യനിര്‍മ്മാണവും വില്‍പ്പനയും നടത്തിയ 14 പേര്‍ പിടിയിലായി. കോവളത്ത് വീട്ടില്‍ നാടന്‍ ചാരായം വാറ്റിയ അഞ്ചംഗസംഘത്തെ കോവളം പൊലീസ് പിടികൂടി. ചാരായ നിര്‍മാണത്തിനുള്ള 25 ലിറ്റര്‍ വാഷും മറ്റ് വസ്തുക്കളും പാത്രങ്ങളും പിടിച്ചെടുത്തു.
വെള്ളായണി പൂങ്കുളം ചരുവിള പുത്തന്‍ വീട്ടില്‍ രാജേഷ് (32), വെങ്ങാനൂര്‍ മുട്ടയ്ക്കാട് സിഎസ്‌ഐ പള്ളിക്ക് സമീപം സുമേഷ് നിവാസില്‍ സുന്ദരന്‍ (56), സി.എസ്.ഐ ചര്‍ച്ചിന് സമീപം മലവിള വീട്ടില്‍ അജിത് (26), പുങ്കുളം എല്‍പി സ്‌കൂളിന് സമീപം ചരുവിള വീട്ടില്‍ രാഹുല്‍ (26), കെ.എസ് റോഡ് സീയോണ്‍കുന്ന് വീട്ടില്‍ ബിജു (45)എന്നിവരാണ് പിടിയിലായത്.
കോവളം സി.ഐ പി.അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
ഒന്നാംപ്രതിയായ രാജേഷിനെ കഴിഞ്ഞ ദിവസം രാത്രി വാറ്റുപകരണങ്ങളുമായി പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിലാണ് മറ്റ് നാലു പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ശനിയാഴ്‌ച രാത്രി നടത്തിയ പരിശോധനയില്‍ മറ്റ് പ്രതികളും പിടിയിലായി. വേടര്‍ കോളനി, കൈലിപ്പാറ എന്നിവിടങ്ങളിലായിരുന്നു വാറ്റ്. വീട്ടില്‍ ചാരായം വാറ്റിക്കൊണ്ടിരിക്കെയാണ് കഴക്കൂട്ടം വിളയില്‍കുളം ശാന്തിനഗര്‍ മണക്കാട്ടുവിളാകത്ത് വിജിത ഭവനില്‍ വിജിത്ത് (35) പിടിയിലായത്. സ്റ്റൗവുള്‍പ്പെടെ വാറ്റുപകരണങ്ങളും കോടയും പിടിച്ചെടുത്തു. സി.ഐ വി. അജേഷ് പരിശോധനയ്‌ക്ക് നേതൃത്വം നല്‍കി.
കഴക്കൂട്ടം മുരുക്കുംപുഴ ആറാട്ടുകടവിന് സമീപം വ്യാജവാറ്റ് നടത്തിയ മൂന്നുപേരെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. വെയിലൂര്‍ മുണ്ടക്കല്‍ കടവില്‍ റോഡില്‍ തൃപ്തിയില്‍ സേവ്യര്‍ (65), അടൂര്‍ പെരുംകുഴി കൃഷ്ണപുരം കൃഷ്ണ ക്ഷേത്രത്തിനു സമീപം ആര്‍എസ് വില്ലയില്‍ ജനീഷ് (29), വെയിലൂര്‍ നാലുമുക്ക് പ്ലാവിന്റമൂട് കാവിന് സമീപം കാളിവീട്ടു വിളാകത്ത് വീട്ടില്‍ ബൈജു (49) എന്നിവരാണ് പിടിയിലായത്. മംഗലപുരം സി.ഐ പി ബി വിനോദ് കുമാര്‍, എസ്.ഐ തുളസീധരന്‍നായര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
മദ്യത്തില്‍ സാനിറ്റൈസര്‍ കലക്കി വില്‍പ്പന ചെയ്‌തയാളെ വര്‍ക്കലയില്‍ പൊലീസ് പിടികൂടി. യു ഡി ഓഡിറ്റോറിയത്തിനു സമീപം സജീന മന്‍സിലില്‍ സജിന്‍ (37) ആണ് പിടിയിലായത്. വൈറ്റ് റം, വോഡ്ക എന്നിവയില്‍ സാനിറ്റൈസര്‍ കലര്‍ത്തി കുപ്പികളിലാക്കിയായിരുന്നു വില്‍പ്പന.
‘ചപ്പാത്തി’ എന്ന കോഡ് ഉപയോഗിച്ചാണ് വില്‍പ്പന നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഫോട്ടോ ഗ്രാഫേഴ്സ് അസോസിയഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ബൈക്കില്‍ കറങ്ങിയായിരുന്നു വില്‍പ്പന നടത്തിയിരുന്നത്. വര്‍ക്കല സി.ഐ. ജി. ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്. വാമനപുരത്ത് എക്സൈസ് നടത്തിയ പരിശോധനയില്‍ 40 ലിറ്റര്‍ കോടയുമായി പുല്ലമ്പാറ പുലിമുട്ട് കോണം വടക്കുംകര പുത്തന്‍ വീട്ടില്‍ പുഷ്പകുമാറിനെ വീട്ടില്‍നിന്ന് പിടികൂടി. വീട്ടു പരിസരത്ത് രണ്ട് കന്നാസുകളിലായാണ് കോട സൂക്ഷിച്ചത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
വീടിന്റെ ടെറസില്‍ ചാരായം വാറ്റിയയാളെ പൂന്തുറയില്‍ പൊലീസ് പിടികൂടി. മുട്ടത്തറ പുത്തന്‍പള്ളി ദരിയ നഗര്‍ പള്ളിക്ക് സമീപം അബ്ദുള്‍ സലാം (47)ആണ് പിടിയിലായത്. പൊലീസ് വീട്ടിലെത്തു ഇയാള്‍ ടെറസിലിരുന്ന് വാറ്റുകയായിരുന്നു. പ്ലാസ്‌റ്റിക് കുപ്പികളില്‍ നിറച്ച ചാരായം, 20 ലിറ്റര്‍ കോട, ഗ്യാസ് സിലിണ്ടര്‍, പ്രഷര്‍കുക്കര്‍ എന്നിവ പിടിച്ചെടുത്തു. ശംഖുംമുഖം എ.സി.പി ഐശ്വര്യ ഡോഗ്രെ, പൂന്തുറ സി.ഐ ബി.എസ് സജികുമാര്‍, എസ്.ഐ ആര്‍. ബിനു, ക്രൈം എസ്.ഐ അശോകന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വ്യാജവാറ്റിനിടെ വെള്ളറടയില്‍ യുവതിയും സുഹൃത്തും പിടിയിലായി. പുല്ലേച്ചല്‍ കാവുവിള വീട്ടില്‍ സജി (38), സഹായിയായ ഹസീന (37) എന്നിവരില്‍നിന്ന് കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ആര്യങ്കോട് സി.ഐ പ്രദീപ് കുമാര്‍, എസ്.ഐ സജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

You must be logged in to post a comment Login