ഇറ്റലിയിൽനിന്ന്‌ നാട്ടിലെത്തിയയാളുടെ വീട്ടിൽ ചാരായവാറ്റ്

0
124

തൃശൂർ:പണിതുകൊണ്ടിരിയ്ക്കുന്ന വീടിനുള്ളിൽ വ്യാജച്ചാരായം വാറ്റുന്നതിനിടെ പോലീസെത്തി വീട്ടുടമസ്ഥനെയും സഹായികളെയും പിടികൂടി. ഇറ്റലിയിൽനിന്ന്‌ നാട്ടിലെത്തിയ വീട്ടുടമ സഹായികളുമായി ചാരായവാറ്റ് നടത്തുന്നതിനിടെയായായിരുന്നു പരിശോധന. 700 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെത്തു. കുഴിക്കാട്ടുശ്ശേരി പൈനാടത്ത് അന്തോണിയുടെ മകൻ ജോബി (44) കാരൂർ ഭാഗത്ത്‌ നിർമ്മിയ്ക്കുന്ന വീടിനുള്ളിലാണ് ചാരായം വാറ്റിയിരുന്നത്. ജോബിയെയും കൂടെയുണ്ടായിരുന്ന താഴേക്കാട് സ്വദേശികളായ പോണോളി വീട്ടിൽ ലിജു(35), തത്തംപള്ളി വീട്ടിൽ ശ്രീവിമൽ (30) എന്നിവരെയും ആളൂർ പോലീസ് അറസ്റ്റ് ചെയിതു.

ആളൂർ എസ്.ഐ. കെ.എസ്. സുശാന്തിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. വീടുപണി നടക്കുന്നതിനാൽ രണ്ടര മാസം മുൻപാണ് ജോബി ഇറ്റലിയിൽനിന്ന്‌ നാട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. കാരൂർ ഭാഗത്ത് ജോബിയുടെ ഉടമസ്ഥതയിലുള്ള പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ ആളനക്കം കണ്ട് പോലീസ് സംഘം പരിശോധിച്ചപ്പോൾ, ഗ്യാസ് സ്റ്റൗവും മറ്റു വാറ്റുപകരണങ്ങളും ഘടിപ്പിച്ച് വാഷ് പകർത്തി തീ കത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആയിരം ലിറ്ററോളം കൊള്ളുന്ന വലിയ ബിരിയാണി ചെമ്പിലാണ് വാഷ് തയ്യാറാക്കിയിരുന്നത്.

അഡീഷണൽ എസ്.ഐ.മാരായ സത്യൻ, സിജുമോൻ, രവി, എ.എസ്. ഐ. മാരായ ദാസൻ, സന്തോഷ്, ജിനുമോൻ, സാജൻ, സീനിയർ സി.പി.ഒ. മാരായ സുനിൽ, എ.ബി.സുനിൽ കുമാർ, സി.പി.ഒ.മാരായ സുരേഷ് കുമാർ, അനീഷ് എന്നിവരും പോലീസിന്‍റെ പരിശോധനാ സംഘത്തിലുണ്ടായി. അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻറ് ചെയ്ത് ഇരിങ്ങാലക്കുട സബ്ജയിലിലടച്ചു