പന്ത്രണ്ട് വര്‍ഷമായി സ്റ്റോക്ക് ചെയ്യപ്പെടുകയാണെന്ന് നടി പാര്‍വതി തിരുവോത്ത്. സിനിമയില്‍ അഭിനയിക്കുന്ന ആദ്യ കാലത്ത് തുടങ്ങി രണ്ട് പുരുഷന്മാര്‍ തന്നെ പിന്തുടരുകയാണെന്നും വര്‍ഷങ്ങളായി ഭയന്ന് ജീവിക്കുകയാണെന്നും നടി പറഞ്ഞു. ഇപ്പോള്‍ അതൊക്കെ വലിയ അപകടത്തില്‍ ചെന്ന് അവസാനിക്കുമായിരുന്നുവെന്ന് തോന്നുന്നു. കൊല്ലുകയോ ആസിഡ് ഒഴിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്‌തേനേ, ഒന്നും സംഭവിച്ചില്ല. ന്യൂസ് മിനിറ്റിനുവേണ്ടിയുള്ള ഗായിക ചിന്മയിയുടെ ഷോയില്‍ പാര്‍വതി പ്രതികരിച്ചു.
‘രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഇതേക്കുറിച്ച് എനിക്ക് സംസാരിക്കാന്‍ സാധിക്കില്ലായിരുന്നു. അത്രത്തോളം ഭയത്തിലാണ് ജീവിച്ചത്. സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ കാലത്താണ് ഇത് തുടങ്ങുന്നത്. രണ്ട് പുരുഷന്‍മാര്‍ എന്റെ അഡ്രസ്സ് തേടിപ്പിടിച്ച് വരുമായിരുന്നു. പ്രണയമാണെന്ന് പറഞ്ഞ് പരത്തും. പൊലീസ് ഇടപെട്ടിട്ടും ഫലമുണ്ടായിരുന്നില്ല. ഇപ്പോള്‍ എനിക്ക് തോന്നുന്നു. അതെല്ലാം വലിയ അപകടത്തില്‍ ചെന്ന് അവസാനിക്കുമായിരുന്നുവെന്ന്. അവര്‍ എന്നെ കൊല്ലുകയോ ആസിഡ് ഒഴിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്‌തേനേ. എന്റെ ഭാഗ്യം കൊണ്ട് അതൊന്നും സംഭവിച്ചില്ല. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി ഇത് അനുഭവിക്കുകയാണ്. എന്റെ കുടുംബത്തെക്കുറിച്ച് മോശം പറയുക, ഫെയ്‌സ്ബുക്കില്‍ എന്നെക്കുറിച്ച് മോശമായ കാര്യങ്ങള്‍ എഴുതുക. വീട് തേടി വരുന്ന സംഭവങ്ങള്‍ പോലുമുണ്ടായി. അവരെ എത്ര ബ്ലോക്ക് ചെയ്താലും വീണ്ടും വന്നുകൊണ്ടിരുന്നു’, പാര്‍വതി വ്യക്കമാക്കി.
