സംസ്ഥാനത്ത് കോഴിയിറച്ചി വില കുത്തനെ ഇടിയുന്നു. സംസ്ഥാനത്തെ ഉൽപാദന കേന്ദ്രങ്ങളിൽ നിന്നുള്ള ചിക്കന് മൊത്തവില 45 രൂപ വരെ ആയി ഇതോടെ കോഴി കർഷകർ ആശങ്കയിലാണ്. ഉൽപാദകർ ചില്ലറ വിൽപന നടത്തുന്ന കടകളിൽ വില 59 രൂപ വരെയായി കുറഞ്ഞിട്ടുണ്ട്. തമിഴ്നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും വൻ തോതിൽ കോഴിയിറച്ചി കേരളത്തിൽ എത്തുന്നതാണ് വിലയിടിവിന്റെ പ്രധാന കാരണമെന്നാണ് റിപ്പോർട്ട്. ഈ നില തുടർന്നാൽ കോഴി കർഷകർ ഉൽപാദന ചെലവ് പോലും ലഭിക്കാതെ വൻ നഷ്ടത്തിലാകുന്ന സാഹചര്യമുണ്ടാകും.
ചൂട് ഉയർന്നതോടെ ചിക്കൻ പരമാവധി നേരത്തേ ഉപഭോക്താക്കളിൽ എത്തിക്കാൻ ശ്രമിക്കുന്നതും ചിക്കന്റെ വിതരണം വർധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. അതുപോലെ മാംസാഹാരത്തിന്റെ ഉപഭോഗം നൊയമ്പ് കാലമായതിനാൽ കുറഞ്ഞതും വില കുറയുന്നതിനു കാരണമായിട്ടുണ്ട് . ചിക്കന് വിലയിടിഞ്ഞെങ്കിലും കാടയിറച്ചിക്കും മറ്റു മാംസാഹാരങ്ങൾക്കും വിലയിടിവ് ഉണ്ടായിട്ടില്ല.
ഇന്നലെ 90 രൂപയായിരുന്നു എറണാകുളം മാർക്കറ്റിൽ ചിക്കൻ വില, ഇന്ന് രാവിലെ ഇത് 70 രൂപയായി കുറഞ്ഞു . രണ്ടാഴ്ച മുമ്പ് കിലോ 120 രൂപയായിരുന്ന കോഴി വില ഏതാനും ദിവസങ്ങളായി കുറഞ്ഞു വരികയായിരുന്നു. അതേ സമയം കൊച്ചി നഗരത്തിലെ ചിക്കൻ സ്റ്റാളുകളിൽ സ്പ്രിങ് ചിക്കനും കാടയിറച്ചിക്കും വില കുറഞ്ഞിട്ടില്ല. കാടയ്ക്ക് 40 രൂപയും. സ്പ്രിങ് ചിക്കന് ഒരെണ്ണത്തിന് 90 രൂപയുമാണ് വില.

You must be logged in to post a comment Login