Connect with us

    Hi, what are you looking for?

    News

    ചൂട് കൂടുന്നു ഇനി രോ​ഗങ്ങളുടെ വരവാണ് ശ്രദ്ധിക്കൂ !

     

    വേനല്‍ക്കാലം കടുത്തതാകുന്നതോടെ ആരോഗ്യകാര്യത്തിലും വേണം ജാഗ്രത. മുന്‍വര്‍ഷങ്ങളേക്കാള്‍ വേനല്‍ കടുത്തതാവാനാണ് ഇക്കുറി സാധ്യത. അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുകമാത്രമല്ല ഇക്കാലയളവില്‍ ഉണ്ടാകുന്നത്. വരള്‍ച്ചയും ജലക്ഷാമവും ഒരു കൂട്ടം രോഗങ്ങളെക്കൂടി ക്ഷണിച്ചുവരുത്തും. ശുചിത്വവും ആരോഗ്യകരമായ ഭക്ഷണശീലവും ഉണ്ടെങ്കില്‍ത്തന്നെ ഒട്ടുമിക്ക വേനല്‍ക്കാല രോഗങ്ങളേയും അകറ്റി നിര്‍ത്താം. മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ്, ചെങ്കണ്ണ്, കോളറ, ഇതൊക്കെ വേനല്‍ക്കാലത്ത് പടര്‍ന്നുപിടിക്കാന്‍ സാധ്യത കൂടുതലാണ്.

    മഞ്ഞപ്പിത്തം

    ചൂടുകാലത്ത് കൂടുതലായി കാണപ്പെടുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. ഇത് കരളിനെയാണ് കൂടുതല്‍ ബാധിക്കുന്നത്. കരള്‍ സംബന്ധമായ മിക്കവാറും എല്ലാ രോഗങ്ങളുടെയും ആദ്യലക്ഷണം മഞ്ഞപ്പിത്തമാണ്. മഞ്ഞപ്പിത്തം പ്രധാനമായും പകരുന്നത് വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ്.

    പനി, ഛര്‍ദ്ദി, ക്ഷീണം, വിശപ്പില്ലായ്മ, തലക്കറക്കം, മൂത്രത്തിന് മഞ്ഞനിറം ഇതൊക്കെയാണ് പൊതുവായ ലക്ഷണങ്ങള്‍. പഴവര്‍ഗങ്ങള്‍ കഴിക്കുക, വൃത്തിയുള്ള ഭക്ഷണ പാനീയങ്ങള്‍ കഴിക്കുക, തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക, കഞ്ഞിവെള്ളം കുടിക്കുക, മധുരരസമുള്ളതും, ശീതഗുണമുള്ളതുമായ ഭക്ഷണം, ഇറച്ചി, മീന്‍, എണ്ണയില്‍ വറുത്തത് തുടങ്ങിയവ വേണ്ടെന്നുവയ്ക്കുക എന്നീ കാര്യങ്ങളാണ് ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്.

    തുറസ്സായ സ്ഥലങ്ങളിലെ മൂത്രവിസര്‍ജനം ഒഴിവാക്കുക, വീടും പരിസരവും വൃത്തിയാക്കുക, കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക, സെപ്റ്റിക് ടാങ്കിനോട് ചേര്‍ന്നല്ല കിണര്‍ എന്ന് ഉറപ്പുവരുത്തുക, ആഹാര സാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക, ശരീര ശുചിത്വം എന്നീ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഞ്ഞപ്പിത്തം വരുന്നത് തടയാം.

    ചിക്കന്‍ പോക്സ്

    വേനല്‍ക്കാലത്ത് ചിക്കന്‍പോക്‌സ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അപകടകാരിയല്ലെങ്കിലും രോഗം കൂടിയാല്‍ പ്രശ്നമാണ്. ചുമയോ, കഫക്കെട്ടോ ഉണ്ടെങ്കില്‍ ചിക്കന്‍ പോക്സ് ന്യൂമോണിയയായി മാറാന്‍ സാധ്യതയുണ്ട്. ചിക്കന്‍ പോക്സ് ഒരു തവണ വന്നാല്‍ പിന്നീട് രോഗം വരാനുള്ള സാധ്യത കുറവാണ്. കുഞ്ഞുങ്ങളിലും പ്രമേഹ രോഗികളിലും ചിക്കന്‍ പോക്‌സ് വന്നാല്‍ കൂടുതല്‍ കരുതല്‍ വേണം.

    ദേഹത്ത് ചുമന്ന കുമിളകളായാണ് ചിക്കന്‍ പോക്‌സ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. വാരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍ പോക്‌സിന് കാരണം. വായുവിലൂടെ ശരീരത്തില്‍ കടക്കുന്ന ഈ വൈറസിന്റെ പ്രവര്‍ത്തന ഫലമായാണ് ശരീരത്തില്‍ കരുക്കള്‍ പ്രത്യക്ഷപ്പെടുകയും ഇത് പിന്നീട് ദ്രവം നിറഞ്ഞ കുമിളകളായി മാറുകയും ചെയ്യുന്നത്. ഈ കുമിളകള്‍ ഉണങ്ങി ഒടുവില്‍ തൊലിപ്പുറത്ത് പാടു മാത്രമായി അവിശേഷിക്കുകയും ചെയ്യുന്നു. അണുക്കള്‍ മൂലമുണ്ടാകുന്ന രോഗമായതിനാല്‍ രോഗം ബാധിച്ചവരുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നു മറ്റുള്ളവരിലേക്കും പകരാന്‍ സാധ്യതയുണ്ട്. പനിക്കൊപ്പം ഛര്‍ദ്ദി, തലവേദന, ശരീരവേദന, തലകറക്കം, ക്ഷീണം, ശരീരത്തില്‍ അസഹനീയ ചൊറിച്ചില്‍, വിശപ്പില്ലായ്മ തുടങ്ങിയവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

    രോഗം പിടിപെട്ടാലുടന്‍ ചികിത്സ ചെയ്യുക, ധാരാളം വെള്ളം കുടിക്കുക, മത്സ്യമാംസാദികള്‍, എണ്ണ എന്നിവ വര്‍ജ്ജിക്കുക, തണുത്ത ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക, ശരീരത്തിലെ കുമിളകള്‍ പൊട്ടിക്കാതിരിക്കുക, കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം.

    രോഗ ലക്ഷണങ്ങള്‍ കാണുന്ന വ്യക്തിയില്‍ നിന്ന് അകലം പാലിക്കുക, രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, പാത്രങ്ങള്‍ മറ്റു വസ്തുക്കള്‍ എന്നിവ ഉപയോഗിക്കാതിരിക്കുക എന്നിവ മുന്‍കരുതലുകളാണ്.

    കുത്തിവയ്പിലൂടെ ചിക്കന്‍ പോക്‌സിനെ പ്രതിരോധിക്കാം. പനിയോ, വയറിളക്കമോ, ഛര്‍ദ്ദിയോ മറ്റ് കാര്യമായ അസുഖങ്ങളോ ഉണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ഉടന്‍ ചികിത്സിക്കുക.

    ചെങ്കണ്ണ്

    വേനല്‍ക്കാലത്ത് സര്‍വ സാധരണയായി പടര്‍ന്നുപിടിക്കുന്ന രോഗമാണ് ചെങ്കണ്ണ്. കണ്ണിന് ചൂടും പൊടിയുമേല്‍ക്കുമ്പോഴാണ് ചെങ്കണ്ണ് ഉണ്ടാകുന്നത്. വൈറസുകള്‍ കൊണ്ടാണ് സാധാരണ ചെങ്കണ്ണ് ഉണ്ടാകുന്നത്. രോഗികളില്‍ ഒന്ന് രണ്ട് ദിവസം കൊണ്ട് തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങും. സാധാരണ ഒരാഴ്ച്ച വരെ അസുഖം നീണ്ടുനില്‍ക്കാറുണ്ട്.

    കണ്ണിനു ചുവപ്പുനിറം ഉണ്ടാവുക, ചൊറിച്ചില്‍, കണ്‍പോളകള്‍ തടിക്കുക, കണ്ണില്‍ നിന്നും വെള്ളം വരിക എന്നിവയാണ് പൊതുവായ ലക്ഷണങ്ങള്‍.

    ടി.വി കാണുന്നത് പരമാവധി ഒഴിവാക്കുക, രോഗിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, കണ്ണിന് ചൂടുതട്ടാതെ നോക്കുക എന്നിവയാണ് രോഗം പിടിപെട്ടാല്‍ പാലിക്കേണ്ട കാര്യങ്ങള്‍. സ്വയം ചികിത്സ അരുത്. നേത്രരോഗ വിദഗ്ധനെ കണ്ട് ചികിത്സ തേടണം.

    കണ്ണും കൈകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, പുറത്ത് പോകുമ്പോള്‍ കുട ചൂടുക, കണ്ണുകള്‍ ശുദ്ധവെള്ളം കൊണ്ട് കഴുക, പുറത്തുപോകുമ്പോള്‍ സണ്‍ ഗ്ലാസ്സുകള്‍ ഉപയോഗിക്കുക, ചെങ്കണ്ണ് ഉള്ളവരുടെ അടുത്ത് പോകാതിരിക്കുക എന്നിവയാണ് മുന്‍ കരുതലുകള്‍.

    വേനല്‍ക്കാലത്ത് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി സൂര്യാഘാതം മാറിയിട്ടുണ്ട്. ധാരാളം വെള്ളം കുടിക്കുക, സാലഡുകള്‍ കഴിക്കുക. പുറത്തിറങ്ങുമ്പോള്‍ കഴിയുന്നതും വെള്ളവസ്ത്രം ധരിക്കുക, സൂര്യാതപം ഏല്‍ക്കാതിരിക്കാന്‍ കുട ചൂടുക, ചൂടു കൂടുതല്‍ അനുഭവപ്പെട്ടാല്‍ ശരീരം തണുപ്പിക്കുക,ശരീര ഭാഗങ്ങളില്‍ സണ്‍ സ്‌ക്രീന്‍ ലോഷനുകള്‍ പുരട്ടുക എന്നിവയാണ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

    കോളറ

    ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്റ്റിരിയയാണ് രോഗം പരത്തുന്നത്. വൃത്തിയില്ലാത്ത വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗം പിടിപെടുന്നത്. ഈച്ചയും ഈ രോഗത്തിന് കാരണമാകുന്നു. ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകള്‍ക്കകം തീര്‍ത്തും അവശനാക്കുന്നതിനും അയാളുടെ മരണത്തിനും കോളറ കാരണമാകുന്നു.

    വയറിളക്കം, ഛര്‍ദ്ദി, പനി, മലത്തില്‍ രക്തത്തിന്റെ അംശം കാണുക എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.

    തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക, ഭക്ഷണസാധനങ്ങള്‍ വേവിച്ചുമാത്രം കഴിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ആഹാര സാധനങ്ങള്‍ അടച്ചുവയ്ക്കുക എന്നിവയാണ് മുന്‍കരുതലുകള്‍.

    Click to comment

    You must be logged in to post a comment Login

    Leave a Reply

    You May Also Like

    News

    ഇന്ത്യയിലെ ഇരുനൂറിലധികം അണക്കെട്ടുകൾക്ക് നൂറിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. അമ്പതു വർഷത്തിനുമേൽ പഴക്കമുള്ള ഏതൊരു ഡാമും സുരക്ഷിതമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇതുവരെയ്ക്കും ഒരു അണക്കെട്ടും ഡീകമ്മീഷൻ ചെയ്യാൻ ഇന്ത്യ തയാറായിട്ടില്ല. ജനങ്ങളുടെ ജീവൻ...

    News

    മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും മണ്ഡലപര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയാറാക്കിയ...

    News

    പാക്കറ്റിൽ ഒരു ബിസ്കറ്റ് കുറവായിരുന്നതിനാൽ ഉപഭോക്താവിന് കമ്പനി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി. ചെന്നൈ സ്വദേശിയായ പി ദില്ലിബാബുവിൻ്റെ പരാതിയിന്മേലാണ് കോടതി ഐടിസി ഫുഡ് ഡിവിഷന് ശിക്ഷ വിധിച്ചത്....

    News

    അഭിഭാഷകന്റെ സേവനം വേണ്ടെന്ന് കളമശേരി ബോംബ് സ്‌ഫോടനം കേസ് പ്രതി ഡൊമിനിക് മാർട്ടിൻ. സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും തനിക്കായി താൻ തന്നെ സംസാരിക്കണമെന്നാണ് ആഗ്രഹമെന്നും ഡൊമനിക് കോടതിയെ അറിയിച്ചു. അഭിഭാഷകൻ വേണ്ടെന്ന...