ഇക്കഴിഞ്ഞ ദിവസങ്ങളിൽ മുംബൈയിലും ഡൽഹിയിലുമായി നിരവധി ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ദിനംപ്രതി കോവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ആരോഗ്യമേഖലയെ മുന്നിൽ നിന്ന് നയിക്കുന്നവരാണ് രാജ്യത്തെ ഡോക്ടർമാരും, നഴ്സുമാരും, മറ്റു ആരോഗ്യപ്രവർത്തകരും. സ്വന്തം സുരക്ഷിതത്വം പോലും കണക്കിലെടുക്കാതെ വളരെ ത്യാഗപൂർണ്ണമായാണ് ഇവർ കോവിഡ് രോഗബാധിതർക്ക് വേണ്ടി നിലകൊണ്ടിട്ടുള്ളത്.
എന്നാൽ ഈയിടെയായി മുംബൈയിലും ഡൽഹിയിലുമായി നഴ്സുമാർക്ക് കോവിഡ് സ്ഥിരീകരിച്ചത് രാജ്യത്തെ മറ്റ് ആരോഗ്യ പ്രവർത്തകരിൽ ഭീതിയാണ് ജനിപ്പിക്കുന്നത്. നമ്മുടെ രാജ്യത്തും മറ്റു രാജ്യങ്ങളിലുമായി നഴ്സുമാരും, ഡോക്ടർമാരും തന്നെയാണ് കോവിഡ് എന്ന മഹാമാരിക്കെതിരെ പൊരുതുന്നത്. വൈറസിനെ ഭയന്ന് പലരും മാറി നിൽക്കുമ്പോൾ, രോഗവ്യാപന സാധ്യതകളെല്ലാം തള്ളിക്കളഞ്ഞ് സ്വാർത്ഥമോഹങ്ങൾ ഒന്നും ഇല്ലാതെതന്നെ തങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് ഇവർ.
മുംബൈയിലും ഡൽഹിയിലും മലയാളി നഴ്സുമാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വേണ്ടത്ര സുരക്ഷാ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കും മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർക്കും കത്തയച്ചിട്ടുണ്ട്.
ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ രോഗപ്രതിരോധ സംവിധാനങ്ങളുടെ ലഭ്യത ഇല്ലായ്മയും, അശാസ്ത്രീയമായ രോഗി പരിചരണവും കാരണമാണ് ഇവർക്ക് രോഗം ബാധിക്കുന്നത് എന്ന ആരോപണവും ഈയിടെ ഉയർന്നുവന്നിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് സ്വന്തം സുരക്ഷ ഉറപ്പാക്കാൻ മതിയായ സാഹചര്യങ്ങൾ അനുവദിക്കുന്നില്ല എന്ന പരാതിയും ഇതിനെ തുടർന്ന് വ്യാപകമാണ്. കോവിഡ് ചികിത്സാരംഗത്തുള്ള ഡോക്ടർമാർക്കും, നഴ്സുമാർക്കും, മറ്റു പ്രവർത്തകർക്കും വേണ്ടത്ര സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിനു സാധിക്കാത്തത് വിഷമകരമാണ്. ഉടനെ തന്നെ ആരോഗ്യമേഖലയിലെ പ്രവർത്തകർക്ക്, ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്ന അവർക്ക് അവരുടെ ജീവിതത്തിനു കൂടി മൂല്യം നൽകുന്ന തരത്തിലുള്ള അനുകൂല നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

You must be logged in to post a comment Login