ജല സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന്റെ ഹരിത കേരള മിഷൻ പദ്ധതി !

0
154

നിലവിലുള്ള ജലസ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കുന്നതുവഴി പ്രാദേശികതലത്തില്‍ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും ഉതകുന്ന ഒരു പുതിയ ജലഉപഭോഗ സംസ്കാരം രൂപപ്പെടുത്തുന്നതിലാണ് ജലസംരക്ഷണ മിഷന്‍റെ ഊന്നല്‍. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ഒട്ടാകെയുള്ള കുളങ്ങളും തോടുകളും പുനരുജ്ജീവിപ്പിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള പ്രവർത്തനങ്ങള്‍ ഏറ്റെടുക്കും. രണ്ടാംഘട്ടത്തില്‍ നദികള്‍, കായലുകള്‍, മറ്റു ജലസ്രോതസ്സുകള്‍ എന്നിവയുടെ സംരക്ഷണവും ശുചീകരണവും നടപ്പാക്കും. യുവജന സംഘടനകള്‍, വിദ്യാർത്ഥികള്‍, സന്നദ്ധസംഘടനകള്‍, തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കും

ലക്ഷ്യം

ജലസംരക്ഷണപ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നിര്‍വഹണവും സംയോജിത നീര്‍ത്തടാടിസ്ഥാനത്തില്‍ നടത്തി ജലലഭ്യതയും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുക.
പുതിയൊരു ജലസംരക്ഷണ-വിനിയോഗസംസ്‌കാരം ജനങ്ങളില്‍ വളര്‍ത്തിയെടുക്കുക.
ജലസുരക്ഷയും പാരിസ്ഥിതികസുസ്ഥിരതയും ഭാവിതലമുറയ്ക്കുകൂടി ഉറപ്പാക്കുക.
നിലവിലുളള ജലസ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും വിനിയോഗവും സുസ്ഥിര പരിപാലനവും ഉറപ്പാക്കുക.

പ്രവര്‍ത്തനങ്ങള്‍

നിലവിലുളള ജലസ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കി അവയെ പ്രാദേശിക ജലസേചന-കുടിവെളള സോത്രസ്സുകളായി ഉപയോഗിക്കുക എന്ന സമീപനം സ്വീകരിക്കുന്നതാണ്. ആദ്യഘട്ടത്തില്‍ കുളങ്ങള്‍, തോടുകള്‍, കനാലുകള്‍ എന്നിവ പുനരുജ്ജീവിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുളള പ്രവര്‍ത്തനങ്ങളും, രണ്ടാം ഘട്ടത്തില്‍ നദികള്‍, കായലുകള്‍ മറ്റ് ജല സ്രോതസ്സുകള്‍ എന്നിവയുടെ ശുചീകരണവും ഏകോപനത്തോടെ പ്രാവര്‍ത്തികമാക്കുന്നതാണ്. കുളങ്ങളും തോടുകളും പുനരുജ്ജീവിപ്പിച്ചതിന്റെ ജില്ല തിരിച്ചുള്ള വിവരശേഖരം തയ്യാറാക്കി ലഭ്യമാക്കും.

കിണറുകളുടെ ശുചീകരണവും മഴവെളള റീ-ചാര്‍ജ്ജിംഗും ഉറപ്പുവരുത്തുന്നതിനുളള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്.
ക്വാറികള്‍ പോലെയുള്ള മനുഷ്യ പ്രവര്‍ത്തനങ്ങളായുണ്ടായ ജലസംഭരണികളിലെ ജലം ഭാവിയിലെ ഉപയോഗത്തിനായി ശുദ്ധിയാക്കി സൂക്ഷിക്കും.
ഭൂപ്രകൃതിയ്ക്കനുസൃതമായി അനുയോജ്യമായ സാങ്കേതിക വിദ്യ അവലംബിച്ച്, ഭൂജല പോഷണം വഴി പരമാവധി മഴവെളളം മണ്ണിലേയ്ക്കിറങ്ങാന്‍ വേണ്ടി നടപടികള്‍ (കുന്നില്‍ മുകളില്‍ നിന്ന് താഴ്‌വാരത്തിലേയ്ക്ക് നീങ്ങുന്ന സമീപനം) സ്വീകരിക്കുന്നതാണ്.

വ്യവസായിക – ഗാര്‍ഹിക ഉപഭോഗത്തില്‍ ദുര്‍വ്യയം കുറച്ച് എല്ലാ ഘട്ടത്തിലും പരിശോധനയും ജല ഓഡിറ്റിംഗും ബഡ്ജറ്റിംഗും നടത്തുകയും പാഴ്ജലം ശുദ്ധീകരിച്ച് പുനരുപയോഗിക്കുന്നതിലൂടെയും ജലം സംരക്ഷണിക്കുന്നതിന് ശ്രമിക്കുന്നതാണ്.
ഭൂസവിശേഷതകളായ കുന്ന്, ചരിവ്, താഴ്‌വര, മണ്ണിന്റെ ആഴം, ഘടന, മണ്ണൊലിപ്പ് തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി ഓരോ പ്രദേശത്തും ജലലഭ്യത ഉറപ്പാക്കുന്നതിനും ജലസംരക്ഷണം സാധ്യമാക്കുന്നതിനും ഭൂവിനിയോഗം ക്രമപ്പെടുത്തുന്നതിനും ജൈവസമ്പത്ത് സംരക്ഷിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതാണ്.

ജലസംരക്ഷണം സാധ്യമാകുന്നതിന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെയുളള കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഫലപ്രദമായ സമന്വയം തദ്ദേശ ഭരണ സ്ഥാപനതലത്തില്‍ ഉറപ്പാക്കുന്നതാണ്.