ഹരിപ്പാട് : ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് റോഡിൽ തെറിച്ചുവീണ വിദ്യാര്‍ത്ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. നങ്ങ്യാർകുളങ്ങര ശ്രേയസിൽ സഞ്ജീവന്റെയും ആശയുടെയും മകളാണ് ചേപ്പാട് എൻടിപിസി കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നവമി(13) . എസ്എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു ദേശീയപാതയിൽ എത്തുന്ന ഭാഗത്തായിരുന്നു അപകടം നടന്നത് . ട്യൂഷൻ കഴിഞ്ഞ ശേഷം വീട്ടിലേക്ക് പോകാനാണ് നവമി റോഡ് മുറിച്ചു കടന്നത്. ഇതിനിടെ അമിതവേഗത്തിലെത്തിയ ഡസ്റ്റർ കാർ നവമിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു .
ഇടിയുടെ ആഘാതത്തിൽ തെറിച്ച് റോഡിന്‍റെ മറുഭാഗത്തെക്ക് വീണ നവമിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നേടിയ ശേഷം വീട്ടിൽ ഇപ്പോൾ വിശ്രമത്തിലാണ്. തലയ്ക്കും കാലിനും സാരമായ പരിക്കുകളുണ്ട് .
സാരമായ പരുക്കുകളേൽക്കാതെ നവമി രക്ഷപ്പെട്ടത് സ്കൂൾ ബാഗ് തോളിലുണ്ടായിരുന്നത് കൊണ്ടാണെന്ന് ബന്ധുക്കൾ പറഞ്ഞു. അപകടം നടന്ന സ്ഥലത്തുള്ള കടയിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

You must be logged in to post a comment Login