വുഹാന്‍ : കൊവിഡ് 19 ലോകം മുഴുവന്‍ നാശം വിതച്ച് മുന്നേറുന്നത് തുടരുന്നതിനിടെ രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈന സാധാരണ നിലയിലേയ്ക്ക് നീങ്ങുന്നുവെന്ന ആശ്വാസവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം ചൈനയിലെ രോഗികളുടെ എണ്ണം വെറും 30 ആണ്. ഇവരില്‍ 25 പേരും വിദേശികളും. പുതുതായി കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ല.
ചൈനയിലെ വുഹാനില്‍ ഫെബ്രുവരി അവസാനത്തോടെയാണ് കൊറോണ വൈറസ് രോഗം ഭീകരരൂപം പ്രാപിച്ചത്. എന്നാല്‍ ആരോഗ്യ പരിശോധനകളും പ്രതിരോധ നടപടികളും കര്‍ക്കശമായി അടിച്ചേല്‍പ്പിച്ച് ചൈനയിപ്പോള്‍ രോഗത്തെ കീഴടക്കിയിരിക്കുന്നു.
അമേരിക്കയും വിവിധ യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടെ ലോകം മുഴുവന്‍ കോവിഡിന്റെ ഞെരുക്കത്തില്‍ പിടയുമ്പോള്‍ രോഗബാധ നിയന്ത്രിക്കുന്നതിനായി വിജയകരമായ ചൈനീസ് മാതൃക പിന്തുടരാനാണ് വിദഗ്ദ്ധരുടെ നിര്‍ദേശം. ഗുരുതരമായ നിലയില്‍ 295 പേര്‍ ഉള്‍പ്പെടെ 76,964 പേരാണ് ചൈനയില്‍ രോഗവിമുക്തരായത്
കൊറോണയെ തുരത്താനായി അവര്‍ നടത്തിയ നീക്കങ്ങള്‍ ഇങ്ങനെ,
വീടുവീടാന്തരം കയറിയിറങ്ങി ആരോഗ്യ പരിശോധനകള്‍ നടത്തി, രോഗം സ്ഥിരീകരിച്ചവരില്‍ ഐസൊലേഷന്‍ നിര്‍ബ്ബന്ധിതമാക്കി, രോഗബാധിതരായ എല്ലാ നാട്ടുകാരെയും ആശുപത്രിയിലേക്കോ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കോ മാറ്റി. രോഗലക്ഷണം കാട്ടിയ കുട്ടികളെ പോലും ഒട്ടും ദയ കാട്ടാതെ മാതാപിതാക്കളില്‍ നിന്നും വേര്‍പിരിച്ചു ഐസൊലേഷനിലേക്ക് മാറ്റി.
വലിയ അപ്പാര്‍ട്ട്മെന്റുകളില്‍ ഒരു ബില്‍ഡിംഗ് പോലും വിടാതെ നഗരത്തിലെ കെയര്‍ടേക്കര്‍മാര്‍ അരിച്ചു പെറുക്കി ഓരോരുത്തരെയും നിര്‍ബ്ബന്ധിതമായി പരിശോധിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നഗരവാസികളായ എല്ലാവരുടേയും ശരീരോഷ്മാവ് പരിശോധിച്ചു. സമയത്തിന് മരുന്നിനു പുറമേ ഭക്ഷണവും കഴിക്കുന്നുണ്ടോ എന്നും , സമയത്തിനു ഭക്ഷണം കിട്ടുന്നുണ്ടോ എന്നും ആരോഗ്യ പ്രവര്‍ത്തകര്‍ സമയാസമയം നേരിട്ട് വന്ന് പരിശോധന നടത്തി. ജനങ്ങളോട് വീടിനുള്ളില്‍ കഴിയാന്‍ അപേക്ഷിച്ചു. തെരുവില്‍ ഇറങ്ങുന്നവരെ കണ്ടെത്താന്‍ ഡ്രോണ്‍ പറത്തി പരിശോധന നടത്തി.
വീടിനുള്ളില്‍ പോലും മുഖാവരണം അണിയാന്‍ ആള്‍ക്കാരെ നിര്‍ബ്ബന്ധിച്ചു. മാസ്‌ക്കുകള്‍ ധരിക്കാത്തവരെ പിടിച്ചു നിര്‍ത്തി നിര്‍ബ്ബന്ധമായി ധരിപ്പിച്ചു. രോഗലക്ഷണങ്ങളുള്ള നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്ത് പോയാല്‍ കണ്ടെത്താന്‍ എല്ലായിടത്തും ഫേഷ്യല്‍ റെക്കഗനിഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തി. ഇത്തരക്കാര്‍ക്ക് കളര്‍ കോഡ് നല്‍കി ഇവര്‍ ഷോപ്പിംഗ് മാളിലോ സബ് വേകളിലോ കഫേകളിലോ തുടങ്ങി പൊതു ഇടങ്ങളില്‍ എത്തുന്നത് തടയാന്‍ മൊബൈല്‍ അപ്പ് ഉപയോഗിച്ചു.
രോഗത്തെ തടയാന്‍ വിശാലമായ പദ്ധതികള്‍ വേണം. ലോക്കൗട്ട്, കൂട്ടം കൂടുന്നത് നിരോധനം, അടിസ്ഥാന പരമായ ക്വാറന്റൈനുകള്‍, കൈ കഴുകല്‍ എന്നിവ മാത്രം മതിയാകില്ലെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. ആരും വിട്ടു പോകരുത് എന്നതായിരുന്നു വുഹാനിലെ മുദ്രാവാക്യമെന്നും പറയുന്നു.

You must be logged in to post a comment Login