ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്ന് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ പ്രതിപക്ഷം തടഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ ശ്രീരാമകൃഷ്ണനും ചേർന്ന് സഭയിലേയ്ക്ക് ക്ഷണിച്ചുകൊണ്ട് വന്ന ഗവർണറെ പ്രതിപക്ഷം പ്ലക്കാർഡുകളും ഗോബാക്ക് വിളികളുമായി തടയുകയായിരുന്നു. മുദ്രാവാക്യങ്ങൾ വിളിച്ചെത്തിയ പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്നു. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് വാച്ച് ആന്റ് വാർഡ് വന്ന് പ്രതിപക്ഷാംഗങ്ങളെ മാറ്റി ഗവർണർക്ക് വഴിയൊരുക്കി. അതോടെ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം പുറത്തുപോയി.നിയമസഭയുടെ പ്രധാന കവാടം യു.ഡി.എഫ് ഉപരോധിച്ചു. തുടർന്നാണ് ഗവർണറുടെ പ്രസംഗം ആരംഭിച്ചത്. കടലാസ് രഹിത സഭയ്ക്ക് അഭിനന്ദനം എന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് ഗവർണറുടെ പ്രസംഗം ആരംഭിച്ചത്. പൗരത്വഭേദഗതി നിയമത്തെ എതിർത്തുകൊണ്ടുള്ള നയപ്രഖ്യാപനത്തിലെ പതിനെട്ടാം ഖണ്ഡിക വായിക്കില്ലായെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് വായിക്കുകയായിരുന്നു. വായിക്കില്ലായെന്ന് രേഖാമൂലം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്ന് രാവിലെ രാജ്ഭവനോട് ആവശ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിൽ ഗവർണർ തന്റെ നിലപാട് മാറ്റുകയായിരുന്നു. പതിനെട്ടാം പാരഗ്രാഫ് ഗവർണർ വായിച്ചപ്പോൾ ഭരണപക്ഷം ഡെസ്കിൽ തട്ടി സ്വാഗതം ചെയ്തു. ഗവർണർക്ക് ആശയപരമായി വിയോജിപ്പുള്ള ഭാഗങ്ങൾ വായിക്കാതെ വിടുന്നത് പതിവാണെങ്കിലും വായിക്കില്ലയെന്ന് മുൻകൂട്ടിയറിയിക്കുന്നത് ഇതാദ്യമാണ്.

You must be logged in to post a comment Login