ആരോരുമില്ലാത്ത, അനാഥാലയത്തിലെ അന്തേവാസികൾക്ക് തണലായി കേരള സർക്കാർ. ലോക് ഡൗൺ കാലത്ത് പ്രതിസന്ധിയിലായ 3000 അനാഥാലയ സ്ഥാപനങ്ങളിലെ 42,000 അന്തേവാസികൾക്ക് സൗജന്യമായി അരിയും, പല വ്യഞ്ജന കിറ്റുകളും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എല്ലാ മേഖലയിലെയും പോലെ സമ്പൂർണ്ണ ലോക് ഡൗൺ അനാഥാലയങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. കേരളത്തിലെ അനാഥാലയങ്ങളിൽ കഴിയുന്ന നിരവധി ആളുകൾക്ക് ഒരു ആശ്വാസം തന്നെയാണ് സർക്കാരിന്റെ ഈ വാക്കുകൾ. ആരും നോക്കാൻ ഇല്ലാത്തവർക്ക് സർക്കാർ കൂടെയുണ്ടെന്ന് ഊട്ടിയുറപ്പിക്കും വിധമാണ് സമ്പൂർണ്ണ ലോക് ഡൗണിലും അനാഥാലയങ്ങളിലെ അന്തേവാസികൾക്കായുള്ള സർക്കാരിന്റെ ഈ കരുതൽ.
അനാഥാലയങ്ങളെ മാത്രമല്ല, തൊഴിലവസരം നഷ്ടമായ പ്രൊഫഷണൽ നാടക സമിതികൾ, ഗാനമേള കലാകാരൻമാർ, മിമിക്രി, തെയ്യം, ചിത്രകലാകാരന്മാർ, ശിൽപ്പികൾ എന്നിവരെയും അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. സാമ്പത്തിക ഞെരുക്കം നേരിടുന്ന ഈ സാഹചര്യത്തിൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് സാവകാശം നൽകണമെന്നും, ആരെയും ഇറക്കി വിടരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പോലീസ് പെട്രോളിംഗ് ശക്തമായി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ഔഷധശാലയിലെയും ആശുപത്രിയിലും ജീവനക്കാർ യാത്ര ചെയ്യുമ്പോൾ ചോദ്യം ഉയരുന്നുണ്ടെന്നും, അവരെ യാത്ര ചെയ്യാൻ അനുവദിക്കണമെന്നും അദ്ദേഹം പോലീസിന് നിർദ്ദേശം നൽകി. കൂടാതെ വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

You must be logged in to post a comment Login