ചെന്നൈ : വിവാദ ആൾ ദൈവം നിത്യാനന്ദയുടെ ആശ്രമത്തിൽ വെച്ചുള്ള തന്റെ മകളുടെ മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് അമ്മ ഝാൻസിറാണി. നിരവധി പീഢനങ്ങളും കൊലപാതകങ്ങളും ആശ്രമത്തിൽ നടക്കുന്നുണ്ടെന്ന് ആശ്രമത്തിൽ നിന്നും രക്ഷപ്പെട്ട നിത്യാനന്ദയുടെ അനുയായികൾ തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിന്ന അനുയായികൾ തന്നെ ഇപ്പോൾ തെളിവുകൾ സഹിതം നിത്യാനന്ദയുടെ ക്രൂരതകൾ പുറത്തുവിടാൻ തുടങ്ങിയിട്ടുണ്ട്. അതിൽ ഏറ്റവും വേദനാജനകമാണ് ഝാൻസി റാണി എന്ന ഈ അമ്മയുടെ കഥ. ഝാൻസി റാണിയുടെ മകൾ സംഗീതയ്ക്ക് ചെറുപ്പം മുതലേ ഈശ്വഭക്തി കൂടുതലായിരുന്നു. ആശ്രമ അന്തരീക്ഷത്തിൽ ജീവിക്കാൻ ഒരുപാട് ആഗ്രഹിച്ച അവളെ പഠനത്തിന് ശേഷം ഒരു മാസത്തെ കാലാവധിക്കാണ് നിത്യാനന്ദയുടെ ആശ്രമത്തിൽ കഴിയുന്നതിനായി ആ അമ്മ പറഞ്ഞയച്ചത്. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും തിരിച്ചു വരാത്ത മകളെ തേടിയെത്തിയ അമ്മയോട് എനിക്ക് ഇവിടം ഒരുപാടിഷ്ടപ്പെട്ടു കുറച്ചു കാലം കൂടി നിന്നിട്ട് വീട്ടിലേയ്ക്ക് വരാം എന്ന് പറഞ്ഞ് സംഗീത മടക്കിയയച്ചു. എന്നാൽ പിന്നീട് മകളെ സന്യാസി വസ്ത്രം ധരിച്ചാണ് ആ അമ്മ കണ്ടത്. അമ്മയുടെ മുമ്പിൽ വച്ച് തന്നെ മാതാപിതാക്കൾക്ക് ബലി ഇട്ട് അവൾ ആശ്രമത്തിലെ അന്തേവാസിയായി. നിത്യാനന്ദയുടെ ആശ്രമ പ്രർത്തനങ്ങളും പ്രസംഗങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിൽ ഇടുക എന്നൊരു ജോലികൂടി അവൾക്ക് അവിടെയുണ്ടായിരുന്നു. എന്നാൽ പിന്നീട് ചെന്നപ്പോൾ മകളുടെ കാലിലും മറ്റും ക്രൂരമർദനമേറ്റ പാടുകൾ കാണുകയും ആശ്രമ ജീവിതം അവസാനിപ്പിച്ചു കൂടെ പോരുവാൻ മകളോടു പറയുകയും ചെയ്തു ആ അമ്മ. എന്നാൽ നിത്യാനന്ദയും നടി രജ്ഞിതയും തമ്മിലുള്ള വീഡിയോ പുറത്ത് വിട്ടത് സംഗീതയാണെന്നും അതിൽ വ്യക്തത വരും വരെ സംഗീതയെ കൊണ്ടുപോവാൻ പറ്റില്ലായെന്നും ആശ്രമത്തിൽ നിന്നും അറിയിച്ചു. പക്ഷേ പിന്നീട് ആ അമ്മ കേട്ടത് മകൾ ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ്. മൃതദേഹം വിട്ടു നൽകില്ലായെന്ന് നിത്യാനന്ദ പറഞ്ഞുവെങ്കിലും ഝാൻസി റാണി സമ്മതിക്കാത്തതുമൂലം ആശ്രമത്തിന്റെ കീഴിലുള്ള ആശുപത്രിയിൽ പോസ്റ്റുമാർട്ടം ചെയ്തതിനു ശേഷം വിട്ടു നൽകുകയായിരുന്നു. എന്നാൽ മരണത്തിൽ സംശയം തോന്നിയ ഝാൻസി റാണി കൊടുത്ത പരാതിയിന്മേൽ റീ പോസ്റ്റുമാർട്ടം നടത്തിയപ്പോൾ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ ഒന്നും തന്നെയില്ലായിരുന്നു. 2014 ൽ ആയിരുന്നു സംഗീതയുടെ മരണം. ആ അമ്മ ഇപ്പോഴും നീതിയ്ക്കായി കാത്തിരിക്കുകയാണ്. പെൺകുട്ടികളെ ലൈംഗിക പീഢനത്തിന് ഇരയാക്കിയെന്ന കേസിൽ നിത്യനാന്ദ ഇപ്പോൾ ഒളിവിലാണ്. നിത്യാനന്ദയുടെ പാസ്പോർട്ട് ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.

You must be logged in to post a comment Login