അഴുകിയ മാംസത്തിന്റെ ഗന്ധമുള്ള പൂവ്; മണമറിയാനും കാണാനും ജനതിരക്ക്

0
511

 

ഏകദേശം ഒൻപത് വർഷത്തെ ഇടവേളക്ക് ശേഷം തെക്കൻ കാലിഫോർണിയയിലെ സാൻഡിയാഗോ ബൊട്ടാനിക്കൽ ഗാർഡനിൽ ഒരു പൂവ് വിരിഞ്ഞു. വളരെ കൗതുകം നിലനിർത്തുന്ന ഈ പൂവ് കാണാനും അതിന്റെ മണമറിയാനും ജനങ്ങളുടെ തിരക്കാണ് ഇവിടെ.

ഒൻപത് വർഷത്തിന് ശേഷം വിരിഞ്ഞെന്ന പ്രത്യേകതയുള്ളത് കൊണ്ട് മാത്രമല്ല ഈ പൂവ് കാണാൻ ഇത്രയും തിരക്ക്. ഇതിന്റെ മണമറിയാൻ കൂടിയാണ്. കാരണം ഇത്രയും ഭംഗിയുള്ള ഈ പൂവിന്റെ മണം അഴുകിയ മാംസത്തിന്റേതാണ്. അമോർഫോഫാലസ് ടൈറ്റാനിയം എന്ന ചെടിയിലാണ് ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കുശേഷം ഈ പൂവ് വിരിഞ്ഞു തുടങ്ങിയത്.

അഴുകിയ മാംസത്തിന്റെ മണമായതിനാൽ കോർപ്സ് പ്ലാന്റ് എന്നാണ് ഈ ചെടിയുടെ വിളിപ്പേര്. ഈ പുഷ്പം വിരിഞ്ഞ വാർത്തയറിഞ്ഞതോടെ നിരവധിയാളുകളാണ് ഇവിടെ ഒഴുകിയെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമായപ്പോഴേക്കും ഏകദേശം 5000ൽ അധികം ആളുകളാണ് പൂവ് കാണുന്നതിന് മാത്രമായി ഇവിടേക്കെത്തിയതെന്നാണ് റിപ്പോർട്ട്.

48 മണിക്കൂർ നേരം എടുത്താണ് കോർപ്സ് പ്ലാന്റിൽ പൂവ് പൂർണമായി വിരിയുന്നത്. ഏറ്റവുമധികം ഗന്ധം പരക്കുന്നതും ഈ സമയത്ത് തന്നെ. പരാഗണം നടക്കുന്നതിനായി വണ്ടുകളെയും മറ്റും ആകർഷിക്കാനുള്ള ചെടിയുടെ സൂത്രവിദ്യയാണ് ഈ ദുർഗന്ധം.

അതേസമയം ഒരു മീറ്ററിലധികം നീളമുള്ള പൂവായതിനാൽ അത് വിരിയുന്നതിനായി ശക്തി സംഭരിച്ചു വയ്ക്കാനാണ് ഇത്രയും കാലം എടുക്കുന്നത്.