എളുപ്പം ലൈസൻസ് എടുക്കാൻ വണ്ടിയിൽ സൂത്രപ്പണി, തട്ടിപ്പ് കയ്യോടെ പിടിച്ച് ആര്‍.ടി.ഒ !

0
450

 

കൊച്ചി : ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ക്രമക്കേട് നടത്തിയതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ ആര്‍.ടി.ഒ പിടിച്ചെടുത്തു. കൊച്ചി കാക്കനാടുള്ള ഡ്രൈവിംഗ് സ്‍കൂളിന്‍റെ വാഹനങ്ങളാണ് പിടികൂടിയിരിക്കുന്നത് .

ആര്‍.ടി.ഒ യുടെ നേതൃത്തത്തില്‍ കാക്കനാട് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് തട്ടിപ്പ് കണ്ടുപിടിച്ചത്. ടെസ്റ്റിനെത്തുന്നവര്‍ ഓടിച്ചു പഠിക്കാന്‍ ഉപയോഗിക്കുന്നതും ടെസ്റ്റ് ഗ്രൗണ്ടില്‍ ടെസ്റ്റ്‌ന് ഉപയോഗിക്കുന്നതുമായ മൂന്ന് ഇരുചക്ര വാഹനങ്ങളാണ് പിടിച്ചെടുത്തിട്ടുള്ളത്.

ഫ്രണ്ട് ബ്രേക്ക് അഴിച്ചിട്ട നിലയിലും ആക്‌സിലേറ്റര്‍ ക്ലിപ്പിട്ട നിലയിലും ആയിരുന്നു പിടിച്ചെടുത്ത വാഹനങ്ങള്‍. ആക്സിലേറ്ററിന്‍റെ പ്ലേ നിയന്ത്രിക്കുന്നതിനാണ് ക്ലിപ്പുകള്‍ ആക്സിലേറ്ററില്‍ പിടിപ്പിക്കുന്നത്. ക്ലിപ്പിട്ട ഇരുചക്ര വാഹനങ്ങളില്‍ എളുപ്പത്തില്‍ എട്ട് എടുക്കാന്‍ സാധിക്കും .. ക്ലിപ്പുള്ളതു മൂലം വാഹനം നിന്ന് പോകില്ലന്നതും ചെറിയ വേഗത്തില്‍ വണ്ടി ഓഫ്‌ ആകാതെ മുന്നോട്ടു പോകുന്നതിനാല്‍ ടെസ്റ്റ് എളുപ്പം പാസ് ആകാന്‍ സാധിക്കും . കൂടാതെ വണ്ടിയുടെ ഫ്രണ്ട് ബ്രേക്ക് അഴിച്ചിട്ടിരിക്കുന്നതിനാല്‍ അബദ്ധത്തില്‍ ഫ്രണ്ട് ബ്രേക്ക് പിടിച്ച് കാല്‍ താഴെ കുത്തുന്നതും ഒഴിവാക്കാം. പരിശോധനയില്‍ കണ്ടെത്തിയത് ഇത്തരം തട്ടിപ്പുകളാണ് . പിടികൂടിയ വാഹനങ്ങള്‍ ക്രമക്കേടുകള്‍ മാറ്റി ഹാജരാക്കാനാണ് ആര്‍ . ടി . ഒ നിര്‍ദ്ദേശം.