സുരക്ഷാസംവിധാനങ്ങൾ വിളിപ്പാടകലെ, കോവിഡ് ആശങ്കയിൽ വനം വകുപ്പ് !

0
99

ആവശ്യ സേവനമേഖലകളടക്കം എല്ലാ വിഭാഗങ്ങളും കോവിഡിനെതിരെ പ്രതിരോധിക്കാൻ മുൻകരുതലുകൾ എടുക്കുമ്പോൾ പ്രതിരോധ മാർഗത്തിൽ വീഴ്ചപറ്റി വനംവകുപ്പ്. മാസ്കുകളോ, ഹാൻഡ് ലോഷനുകളോ,സാനിറ്റൈസറുകളോ ഒന്നും തന്നെ ഫോറസ്റ്റ് സ്റ്റേഷനുകളിൽ ലഭ്യമാക്കിയിട്ടില്ല. കർശന നിയന്ത്രണങ്ങൾ മുന്നോട്ട് പോകുന്ന ഈ സാഹചര്യത്തിൽ പരാതികൾ സ്വീകരിക്കുന്നത് നിർത്തി വെച്ചിട്ടുണ്ടെങ്കിലും പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലേക്ക് മാത്രമായി മിനിസ്റ്റീരിയൽ സ്റ്റാഫുകളുടെ ജോലി ക്രമീകരിച്ചിരുന്നു.ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തി വെച്ചതോടെ വീണ്ടും ഇവരുടെ ജോലി സമയം കുറച്ച് ക്രമീകരിച്ചു.എന്നാൽ ഫോറസ്റ്റ് ഓഫീസർമാരുടെ കാര്യത്തിൽ ഡ്യൂട്ടി സമയ ക്രമീകരണങ്ങളോ, അവശ്യ മുൻകരുതലുകളോ ഒന്നും ഉണ്ടായിട്ടില്ല. വനപരിപാലനം, വന്യജീവി സംരക്ഷണം എന്നിങ്ങനെ ജനങ്ങൾക്കൊപ്പം പ്രവർത്തനം തുടരുന്നു.

പോലീസ്, ഫയർ ഫോഴ്സ്, എന്നിവയടക്കമുള്ള മറ്റു സുരക്ഷാ സർവീസ് വിഭാഗങ്ങൾ കൃത്യമായ മുൻകരുതലുകളും, സുരക്ഷാ ക്രമീകരണങ്ങളും നടപ്പിലാക്കുന്നുണ്ടെങ്കിലും വനം വകുപ്പിന്റെ കാര്യത്തിൽ വൻ വീഴ്ചയാണ് നേരിടുന്നത്. പല വനം വകുപ്പ് സ്റ്റേഷനുകളിലും ഒരു സുരക്ഷാ സംവിധാനവും  ഇല്ലാതെ തന്നെയാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തിൽ പൊതുജനങ്ങളുടെയിടയിൽ ഇടപഴകേണ്ടി വരുന്നതിൽ ആശങ്ക നേരിടുകയാണ് വനംവകുപ്പ് ജീവനക്കാർ.