രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും കേരളത്തിലെ മീന്‍ കടകളില്‍ കടല്‍മീനുകള്‍ സുലഭമാണ്. ഇത് എവിടെ നിന്നെന്നു പോലും ചിന്തിക്കാതെ വാങ്ങുകയും തീന്‍മേശയിലേയ്ക്ക് എത്തിക്കുകയുമാണ് മലയാളി. മീന്‍ കടകളിലേയ്ക്ക് എത്തപ്പെടുന്നതിന് മുന്നുള്ള കാണാക്കാഴ്ചകള്‍ അറിഞ്ഞാല്‍ ഒന്നറയ്ക്കും… തീര്‍ച്ച.
കേരളത്തിലേയ്ക്ക് വന്‍തോതില്‍ പഴകിയ മീന്‍ എത്തിക്കൊണ്ടിരിക്കുന്നത് ഇതരസംസ്ഥാനങ്ങളിലെ വളം ഫാക്ടറികളില്‍ നിന്നാണ്. ഇതിനായി പ്രത്യേക സംഘങ്ങള്‍ തന്നെ ഉണ്ടത്രേ.
തമിഴ്നാട്ടിലെ തൂത്തുക്കുടി, രാമേശ്വരം, നാഗപട്ടണം, ആന്ധ്രയിലെ വിശാഖപട്ടണം, കര്‍ണാടകയിലെ മംഗാലപുരം എന്നിവിടങ്ങളില്‍ തീരദേശത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വളം ഫാക്ടറികളില്‍ വളമാക്കുവാന്‍ വച്ചിരിക്കുന്ന മീനുകളാണ് ലോക്ഡൗണിന്റെ മറവില്‍ സംസ്ഥാനത്ത് എത്തുന്നത്.
കൂറ്റന്‍ ബോട്ടുകളിലും മറ്റും കടലില്‍ നിന്ന് പിടിക്കുന്ന വലിയ മീനുകള്‍ കരയില്‍ എത്തിക്കുന്നത് മാസങ്ങള്‍ക്ക് ശേഷമാണ്. ഫോര്‍മാലിന്‍ പോലുള്ള രാസവസ്തുക്കള്‍ ചേര്‍ത്തു ശീതികരണ സംവിധാനങ്ങളിലാണ് ഇവ സൂക്ഷിക്കുന്നതെങ്കിലും ചിലപ്പോള്‍ കുറച്ചൊക്കെ കരയിലെത്തുമ്പോഴേക്കും അഴുകിത്തുടങ്ങാറുണ്ട്.
ഇങ്ങനെ ചീയുന്നവയാണു വളം കമ്പനികള്‍ വാങ്ങുന്നത്. ഇവ ഫാക്ടറികളിലെത്തിച്ചു കോഴിത്തീറ്റയും വളവും മറ്റുമാക്കും. മൊത്തമായി വാങ്ങുന്ന മത്സ്യം ഫാക്ടറിളില്‍ സൂക്ഷിക്കുകയാണ്.
രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇത്തരം ഫാക്ടറികള്‍ പലതും അടച്ചുപൂട്ടി. ഇങ്ങനെ പൂട്ടിയ ഫാക്ടറികളില്‍ സൂക്ഷിച്ചിരിക്കുന്ന മീനുകളാണ് ഇടനിലക്കാര്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനത്തേക്ക് എത്തിക്കുന്നത്. ഈസ്റ്റര്‍ വിപണി ലക്ഷ്യമിട്ടു സംസ്ഥാനത്ത് മത്സ്യത്തിന് ആവശ്യക്കാര്‍ ഏറുമെന്നതിനാലാണ് ഇത്തരത്തില്‍ വന്‍തോതില്‍ മത്സ്യം എത്തുന്നത്.
അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയതോടെ സമാന്തര പാതകളിലൂടെയാണു ചീഞ്ഞ മത്സ്യവുമായുള്ള വാഹനങ്ങള്‍ സംസ്ഥാനത്തേക്ക് എത്തുന്നത്. എവിടെയൊക്കെ പരിശോധന നടക്കുന്നുണ്ടെന്ന വിവരം ഇവരെ മുന്‍കൂട്ടി അറിയിക്കാനും ആളുകളുണ്ട്.
പരിശോധന കര്‍ശനമാക്കിയതോടെ മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് വള്ളങ്ങളും ചെറുബോട്ടുകളും വാടകയ്ക്ക് എടുത്ത് ഇതുവഴിയാണ് ഇപ്പോള്‍ മീനുകള്‍ കരയിലേക്ക് എത്തിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്ന മീനെന്നു വരുത്തിതീര്‍ക്കാനാണിത്. ഹാര്‍ബറുകളില്‍ പരിശോധന ഉള്ളതിനാല്‍ ഹാര്‍ബര്‍ ഒഴിവാക്കി മറ്റുള്ള തീരങ്ങളില്‍ അടുപ്പിച്ചാണ് മീന്‍ വാഹനങ്ങളിലേക്കു മാറ്റുന്നത്.
ഇതരസംസ്ഥാനങ്ങളില്‍നിന്ന് അഴുകിയ മല്‍സ്യമെത്തിക്കുന്ന മുപ്പതിലേറെ സംഘങ്ങളുണ്ടെന്ന് സംയുക്ത സ്‌ക്വാഡിന് വിവരം ലഭിച്ചതോടെ പരിശോധന വ്യാപകമാക്കിയിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ഒരു ലക്ഷം കിലോയ്ക്കടുത്ത് മല്‍സ്യമാണു ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യവിഭാഗവും പോലീസും ചേര്‍ന്നു പിടികൂടിയത്.

You must be logged in to post a comment Login