രാജ്യത്ത് കോവിഡ് 19 ഭീതി ജനിപ്പിക്കുന്ന സാഹചര്യത്തിൽ, രാജ്യത്തെ സമ്പൂർണ്ണ ലോക് ഡൗൺ മത്സ്യബന്ധന മേഖലയെ സാരമായി ബാധിച്ചിരിക്കുകയാണ്.കഴിഞ്ഞ ആഴ്ചകളിലായി കിലോകണക്കിന് മത്സ്യങ്ങളാണ് അഴുകിയ നിലയിലും, രാസവസ്തുക്കൾ ചേർത്ത നിലയിലും പിടിച്ചെടുത്തിരുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് തൃശ്ശൂർ ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ അഴീക്കോട് ഇടനിലക്കാരില്ലാതെ മത്സ്യം വിൽക്കുന്ന രീതിക്ക് തുടക്കം കുറിച്ചത്.ഇത് ജനങ്ങൾക്ക് ഏറെ ആശ്വാസമായി മാറിയിരിക്കുകയാണ്. സർക്കാർ നേരത്തെ തന്നെ നിർദ്ദേശിച്ചിട്ടുള്ള പദ്ധതിയായിരുന്നു ഇത്.
കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിലെ ജനങ്ങൾക്ക് അഴുകിയതും അമോണിയ പോലുള്ള രാസവസ്തുക്കൾ കലർത്തിയതുമായ മത്സ്യങ്ങളാണ് ലഭ്യമായി കൊണ്ടിരിക്കുന്നത്. എന്നാൽ ഇടനിലക്കാരില്ലാതെ മത്സ്യം വിൽക്കുന്നതിലൂടെ ഗുണമേന്മയുള്ള മത്സ്യത്തെ മാർക്കറ്റിൽ എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഇന്നലെ അഴീക്കോട് ലാൻഡിങ് സെന്ററിൽ പരമ്പരാഗത വള്ളങ്ങളിൽ കൊണ്ടുവന്ന മത്സ്യത്തിന് സാധാരണ കിട്ടുന്നതിനേക്കാൾ 15 ശതമാനം കൂടുതൽ വില ലഭിച്ചുവെന്ന് കച്ചവടക്കാർ പറയുന്നു. അഴീക്കോട് ഭാഗത്തുനിന്ന് പോയ ഫൈബർ വള്ളങ്ങളെല്ലാം അടുത്തത് അഴീക്കോട് ജെട്ടിയിലായിരുന്നു. വള്ളങ്ങളിൽ നിന്ന് ഇറക്കിയ ശേഷം നേരിട്ട് ലേലം വിളിക്കുകയായിരുന്നു.തുടർന്നും ഈ രീതിയിലായിരിക്കും ലേലം നടത്തുക.

You must be logged in to post a comment Login