മണാലി∙ കൊറോണ വൈറസ് വ്യാപനത്തെ നേരിടാൻ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകിയ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്, ഇതിനു പിന്നാലെ നിയമലംഘനത്തിന് പിഴശിക്ഷ! ഹിമാചൽ പ്രദേശിൽനിന്നുള്ള താരം റിഷി ധവാനാണ് സംഭവത്തിലെ നായകനും വില്ലനും. കർഫ്യൂ നിലനിൽക്കുന്ന ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയിൽ മതിയായ രേഖകൾ കൂടാതെ കാറുമായി പുറത്തിറങ്ങിയതിനാണ് താരത്തിന് പൊലീസ് പിഴ വിധിച്ചത്.
ആളുകൾക്ക് അവശ്യസാധനങ്ങൾ വാങ്ങുന്നതിന് അനുവദിക്കുന്ന മൂന്നു മണിക്കൂർ സമയത്തിനിടെയാണ് ധവാൻ കാറുമായി പുറത്തിറങ്ങിയത്. കഴിഞ്ഞ മാസം 30നാണ് കൊറോണയ്ക്കെതിരായ പോരാട്ടത്തിന് കരുത്തുപകരാൻ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധവാൻ ഒരു ലക്ഷം രൂപ സംഭാവന നൽകിയത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യമൊട്ടുക്ക് 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ ഹിമാചലിലെ മണ്ഡി ജില്ലയിൽ കർഫ്യൂവും നിലവിലുണ്ട്. അതേസമയം, ആളുകൾക്ക് അവശ്യസാധനങ്ങൾ വാങ്ങുന്നതിന് തൊട്ടടുത്തുള്ള കടകളില്‍ കാൽനടയായി പോകാൻ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒന്നുവരെ മൂന്നു മണിക്കൂർ നേരത്തേക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. അതേസമയം, മതിയായ രേഖകൾ കൂടാതെ വാഹനങ്ങളുമായി പുറത്തിറങ്ങാൻ അനുവാദമില്ല.
ഇതിനിടെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.40ന് റിഷി ധവാന്റെ വാഹനം പൊലീസ് തടഞ്ഞത്. ബാങ്കിൽ പോകാനാണ് ഇറങ്ങിയതെന്ന് വിശദീകരിച്ചെങ്കിലും ഇതിനുള്ള രേഖകൾ ധവാന്റെ കൈവശമുണ്ടായിരുന്നില്ല. ഇതോടെ താരത്തിന് നിയമത്തെക്കുറിച്ച് ബോധവൽക്കരണം നൽകിയ പൊലീസ് അധികൃതർ, 500 രൂപ പിഴയും ചുമത്തി. ധവാൻ അപ്പോൾത്തന്നെ 500 രൂപ പിഴയൊടുക്കി വീട്ടിലേക്കു മടങ്ങുകയും ചെയ്തു.
ഇന്ത്യയ്ക്കായി മൂന്ന് ഏകദിനങ്ങളും ഒരു ട്വന്റി20 മത്സരവും കളിച്ചിട്ടുള്ള താരമാണ് മുപ്പതുകാരനായ ധവാൻ. 2016ലാണ് അദ്ദേഹം ഇന്ത്യൻ ജഴ്സിയിൽ കളിച്ചത്. എന്നാൽ, അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകാതെ പോയതോടെ ടീമിനു പുറത്തായി. മൂന്ന് ഏകദിനങ്ങളിലെ രണ്ട് ഇന്നിങ്സുകളിൽനിന്ന് 12 റൺസാണ് സമ്പാദ്യം. ട്വന്റി20യിൽ ഒരു റണ്ണിന് പുറത്തായി. ഇരു ഫോർമാറ്റുകളിലും ഓരോ വിക്കറ്റും വീഴ്ത്തി. ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യൻസ് ടീമുകൾക്ക് കളിച്ചിട്ടുണ്ട്.

You must be logged in to post a comment Login