സമ്പൂർണ്ണ ലോക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ പതിവു പ്രവർത്തനങ്ങൾക്ക് പുറമേ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ഓടി നടക്കുകയാണ് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ.കോവിഡ് 19 ആശങ്ക സൃഷ്ടിക്കുന്ന സഹചര്യത്തിലൂടെയാണ് ജനം കടന്നുപോകുന്നത്.ലോക് ഡൗൺ സമയത്ത് എല്ലാവരും ജോലികളൊക്കെ മാറ്റി വെച്ച് വീട്ടിൽ ഒതുങ്ങുമ്പോഴും തങ്ങളുടെ ജോലികളിൽ ഉത്തരവാദിത്തബോധത്തോടെ ഓടി നടക്കുകയാണ് ഈ ഉദ്യോഗസ്ഥർ.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാകുന്നതോടൊപ്പം തന്നെ തീ പിടുത്തങ്ങള്‍ അണക്കാനും , മൃഗങ്ങൾ കിണറ്റിൽ വീണാൽ രക്ഷിക്കാനും, അത്യാവശ്യ മരുന്നുകൾ എത്തിച്ചു കൊടുക്കാനും അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ ഉണ്ട്. ആരോഗ്യ വിഭാഗവും പഞ്ചായത്തും നിർദേശിക്കുന്ന സ്ഥലങ്ങളിലെ അണുനശീകരണവും, കോവിഡ് ബോധവൽക്കരണവുമെല്ലാം അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
സമ്പൂർണ്ണ ലോക് ഡൗൺ സാഹചര്യത്തിൽ പുറത്തിറങ്ങാൻ പറ്റാത്തതിനാൽ പലയിടങ്ങളിലും ജനങ്ങൾക്ക് അവശ്യ മരുന്നുകൾ എത്തിച്ചു നൽകുന്നുണ്ട്.കഴിഞ്ഞ ദിവസം ഹൃദയ സംബന്ധമായ അസുഖത്തിനുള്ള മരുന്ന് തിരുവനന്തപുരം ശ്രീ ചിത്തിര ആശുപത്രിയിൽ നിന്ന് തൃശൂർ ചേലക്കോട് എന്ന സ്ഥലത്തേക്ക് എത്തിച്ചു നൽകിയിരുന്നു. തിരുവനന്തപുരത്തു നിന്നുള്ള മരുന്നുകൾ ജില്ലകൾ തോറും അഗ്നി രക്ഷാ ഉദ്യോഗസ്ഥർ കൈമാറിയാണ് എത്തിച്ചത്.കേരളത്തിലെ ഏത് അവസ്ഥയിലും സജീവമായി കൂടെ നിൽക്കുന്ന അഗ്നിരക്ഷാ സേന ലോക് ഡൗൺ കാലത്തും കൂടെ തന്നെയുണ്ടെന്ന് അവരുടെ മാതൃകാ പ്രവർത്തനങ്ങൾ തെളിയിക്കുന്നു.

You must be logged in to post a comment Login