ജീവനാംശം ആവശ്യപ്പെട്ട ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു 

0
42

 

കുടുംബവഴക്കിനെ തുടര്‍ന്ന് പിരിഞ്ഞുതാമസിക്കുന്നതിനിടെ ഭാര്യയുടെ മൂക്ക് കടിച്ചെടുത്തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലാണ് സംഭവം. മൂക്കിന് ഗുരുതരമായി പരിക്കേറ്റ ഭാര്യ ടിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി നല്‍കിയ പരാതിയിലാണ് ഭര്‍ത്താവ് ദിനേശ് മാലിയെ അലോട് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ; 2008ലായിരുന്നു ദിനേശിന്റെയും ടിനയുടെയും വിവാഹം. ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്. ദിനേശ് ജോലിക്ക് പോകാറില്ലെന്നും ദിവസവും വീട്ടില്‍ മദ്യപിച്ച്‌ എത്തുമായിരുന്നുവെന്നും ടിന പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ദിനേശ് ദിവസവും മദ്യപിച്ച്‌ എത്തുന്നതോടെ ഇരുവരും തമ്മില്‍ വഴക്കും പതിവായി. ടിനയെ ദിനേശ് ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഇതോടെ യുവതി രണ്ടു പെണ്‍മക്കളുമായി സ്വന്തം വീട്ടിലേക്ക് മടങ്ങി. പാചകത്തൊഴില്‍ ചെയ്തായിരുന്നു ടിന കുട്ടികളെ നോക്കിയിരുന്നത്.

കുട്ടികളെ പോറ്റാനും കുടുംബചിലവിനും പണം തികയാത്തതിനാല്‍ 2019ല്‍ ടിന കോടതിയെ സമീപിച്ച്‌ ഭര്‍ത്താവില്‍നിന്ന് ജീവനാംശം വേണമെന്ന് ആവശ്യപ്പെട്ടു. കേസ് നടന്നുകൊണ്ടിരിക്കെ കഴിഞ്ഞദിവസം ദിനേഷ് ടിനയുടെ വീട്ടിലെത്തിയാണ് ആക്രമണം നടത്തിയത്.

ജീവനാംശം സംബന്ധിച്ച ചര്‍ച്ച പിന്നീട് കലഹത്തില്‍ കലാശിച്ചു. ഇതോടെ ദിനേശ് ടിനയുടെ മൂക്കില്‍ കടിക്കുകയായിരുന്നു. മൂക്കില്‍നിന്ന് രക്തം വന്നതോടെ ഇയാള്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. ടിനയുടെയും മക്കളുടെയും കരച്ചില്‍കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയും യുവതിയെ ആശുപത്രിയില്‍ ആക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മൂക്കിന് ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

പ്രസാദ്