കോവിഡ് 19 ദിനം പ്രതി ആശങ്ക സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ
സമൂഹ മാധ്യമങ്ങൾ വഴി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് സ്ഥിരം കാഴ്ചയാണ്. കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരളാ പൊലീസ് അറിയിച്ചിരുന്നു. ഏറി വരുന്ന വ്യാജ വാർത്തകൾ കണ്ടെത്താനായി, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ആന്റി ഫേക്ക് ന്യൂസ് വിഭാഗം തുടങ്ങുന്നതിനായി മുഖ്യ മന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനിച്ചു.
ഈ കഴിഞ്ഞ ആഴ്ചകളിലായി നിരവധി വ്യാജ വാർത്തകളാണ് കോവിഡ് 19 നെ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. അത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുകയും ഭീതി ജനിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു കർശന തീരുമാനവുമായി സർക്കാർ എത്തിയിരിക്കുന്നത്.
മുൻപ്, എറണാകുളം എസിപിയുടെ പേരില്‍ വരെ വ്യാജ സന്ദേശം പ്രചരിച്ചിരുന്നു. ഇതടക്കം കൊവിഡ് 19 നെ പറ്റി വ്യാജ വാര്‍ത്തകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ പൊലീസ് മുന്നറിയിപ്പുമായി രംഗത്തെത്തുകയും, എസിപിയുടെ പേരില്‍ വ്യാജ ശബ്ദ സന്ദേശം പ്രചരിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുമുണ്ടായിരുന്നു. എന്നാൽ സമ്പൂർണ്ണ ലോക് ഡൗൺ തുടരുന്ന ഈ സാഹചര്യത്തിൽ വ്യാജ വാർത്തകൾ വർധിക്കുകയാണ്. അങ്ങനെ ഒരു സാഹചര്യം നിലനിൽക്കുന്നത് കൊണ്ടാണ് സർക്കാർ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്ക് എതിരെ ഊർജിതമായി രംഗത്തെത്തിയത്.
സർക്കാർ തീരുമാനിച്ച ആന്റി ഫേക്ക് ന്യൂസ് വിഭാഗത്തിൽ ഡയറക്ടർ മിർ മുഹമ്മദ് അലി മേധാവിയാകും. പി.ആർ.ഡി, ആരോഗ്യം, പോലീസ്, ഐ.ടി വകുപ്പുകളുടെ പ്രതിനിധികൾ അംഗങ്ങളായിരിക്കും.സമൂഹ മാധ്യമങ്ങളിലൂടെ പൊതുജന പങ്കാളിത്തം ഉറപ്പാക്കും.വ്യാജ വാർത്ത പ്രവർത്തിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

You must be logged in to post a comment Login