രണ്ട് ആഴ്ചയിലേറെയായി തങ്ങൾ പട്ടിണിയാണെന്നും സഹായം എത്തിക്കണമെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച അന്യ സംസ്ഥാന തൊഴിലാളിയുടെ ക്യാംപിൽ പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് മത്സ്യ – മാംസാദികളും പച്ചക്കറികളും ഉൾപ്പെടെ ഒരു ചെറു പലചരക്കു കടക്കുള്ള സാധനങ്ങൾ.
ബംഗാൾ സ്വദേശി മിനാറുൾ ഷെയ്ഖിനെ വ്യാജപ്രചാരണം നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തു. അങ്ങേയറ്റം പ്രതിസന്ധിയാണെന്നും ഒരു ബിസ്കറ്റ് പോലും ലഭിക്കുന്നില്ലെന്നുമൊക്കെ സുഹൃത്തുക്കളുടെ സഹായത്തോടെ സോഷ്യൽ മീഡിയകൾ വഴി ബംഗാളിൽ പ്രചാരണം നടത്തുകയായിരുന്നു ഇയാൾ. ഒപ്പം ഇയാളുടെ ഫോൺ നമ്പറും ഉൾപ്പെടുത്തിയിരുന്നു.
ഇത് ശ്രദ്ധയിൽപെട്ടതോടെ ബംഗാൾ ഇന്റലിജൻസ് വിഭാഗം കേരള എഡിജിപി ടി.കെ.വിനോദ്കുമാറിന് വിവരം കൈമാറി. എഡിജിപി കലക്ടർ എസ്.സുഹാസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പിറവം നഗരസഭാധ്യക്ഷൻ സാബു കെ.ജേക്കബിന്റെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യവിഭാഗം അഗ്നിശമന നിലയത്തിനു സമീപത്തുള്ള ഇയാളുടെ ക്യാംപ് കണ്ടെത്തുകയും പരിശോധിക്കുകയും ചെയ്തു.
അരി, മുട്ട, പച്ചക്കറികൾ, തേങ്ങ, മസാലക്കൂട്ടുകൾ എന്നിവയുടെ ശേഖരങ്ങൾക്ക് പുറമെ പാകം ചെയ്ത മത്സ്യ–മാംസ വിഭവങ്ങൾ എന്നിവയും പരിശോധനയിൽ കണ്ടെത്തി. ഇവിടെ താമസിച്ചിരുന്നത് 14 പേരാണ്. ഇവരെല്ലാം തന്നെ ടൗണിലെ പച്ചക്കറിക്കടകളിലും സൂപ്പർ മാർക്കറ്റുകളിലും ജോലിക്കു പോയിരുന്നു. ഇത് കൂടാതെ അന്യ സംസ്ഥാന തൊഴിലാളികൾക്ക് നഗരസഭ നൽകുന്ന ഭക്ഷണം മിനാറുളും ഒപ്പമുള്ളവരും വാങ്ങിയിരുന്നു.
ലോക്ഡൗൺ സമയമായതിനാൽ കേരളത്തിൽ നിന്നു കിട്ടുന്നതിനു പുറമേ സ്വദേശത്തു നിന്നു കൂടി സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ നാടകമെല്ലാം നടത്തിയതെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞത്.

You must be logged in to post a comment Login